Emirates flight diverted to Mumbai

മുംബൈ: കോക്ക്പിറ്റിലും കാബിനിലും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ദുബൈയില്‍ നിന്നും മാലദ്വീപിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം അടിയന്തരമായി മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിലത്തിറക്കി. വിമാനത്തില്‍ ഉണ്ടായിരുന്ന 309 യാത്രക്കാരേയും സ്റ്റാഫിനേയും സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിപ്പിച്ചു.

വിമാന പൈലറ്റിന്റെ എസ്ഒഎസ് എയര്‍ ട്രാഫിക്ക് കണ്ട്രോളേഴ്‌സിന് ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് കടലില്‍ കപ്പലുകള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. വിമാനത്തിന് മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ഈ തയ്യാറെടുപ്പ്.

വിമാനം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുന്ന സമയത്ത് ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഒരുക്കിയിരുന്നു. ദുബൈയില്‍ നിന്നും രാവിലെ 9.50നാണ് വിമാനം പുറപ്പെട്ടത്. മാലിയില്‍ ഉച്ചതിരിഞ്ഞ് 3.05നാണ് വിമാനം എത്തേണ്ടിയിരുന്നത്. 4.30ന് മാലിയില്‍ നിന്നും 6.30 ന് കൊളംബോയില്‍ എത്തുംവിധത്തില്‍ മറ്റൊരു സര്‍വീസും വിമാനത്തിനുണ്ടായിരുന്നു. ഈ സര്‍വീസ് റദ്ദാക്കി.

ഉച്ചയ്ക്ക് 2.58നാണ് വിമാനം മുംബൈ വിമാനത്താവളത്തിലെ റണ്‍വേ 9നില്‍ ഇറങ്ങിയത്. സംഭവത്തെക്കുറിച്ച് എമിറേറ്റ്‌സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തിലെ യാത്രികരുടെ തുടര്‍യാത്രക്കായി മറ്റൊരു സര്‍വീസ് ഏര്‍പ്പെടുത്തിയോ എന്ന കാര്യവും വ്യക്തമല്ല.

Top