ദുബൈ: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്കുള്ള വിമാനത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് എയര്‍ലൈന്‍ വെബ്സൈറ്റില്‍ അറിയിച്ചു.
ജൂലൈ 15വരെ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച തീരുമാനമാണ് എമിറേറ്റ്സ് ഇപ്പോള്‍ നീട്ടിയത്. ഇന്ത്യയില്‍ നിന്ന് ജൂലൈ 21 വരെ സര്‍വീസുകളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും ഇത്തിഹാദും നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് തങ്ങളുടെ പൗരന്മാര്‍ക്ക് യുഎഇയും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ 25മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ചില വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. ദുബൈയിലേക്ക് ജൂലൈ 15 മുതലുള്ള ടിക്കറ്റ് ബുക്കിങാണ് വിസ്താര എയര്‍ലൈന്‍, ഇന്‍ഡിഗോ എന്നിവ പുനരാരംഭിച്ചത്.