പുത്തന്‍ ആകാശ യാത്രാനുഭവം സമ്മാനിക്കാന്‍ എമിറേറ്റ്‌സിന്റെ നൂറാമത് എയര്‍ബസ് എ-380

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍ തങ്ങളുടെ നൂറാമത് എയര്‍ബസ് എ-380 പുറത്തിറക്കുന്നു.

ഇതിനോടനുബന്ധിച്ച് പ്രത്യേക യാത്രാ നിരക്കുകളും എമിറേറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

എ-380ന്റെ ഏറ്റവും വലിയ നിര സ്വന്തമായിട്ടുള്ള എമിറേറ്റ്‌സ് ലോകത്ത് 48 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ലൈനാണ്. ഈ മാസം 12-ന് ആരംഭിച്ച പ്രത്യേക ‘380’ ടിക്കറ്റ് വില്‍പ്പന 22 വരെ ലഭ്യമാകും.

ഡിസംബര്‍ ഏഴുവരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇക്കണോമി ക്ലാസ് 16,380 രൂപ, ബിസിനസ് ക്ലാസ് 54,380, ഫസ്റ്റ് ക്ലാസ് 139,380 എന്നിങ്ങനെയാണ് നിരക്കുകള്‍.

നൂറാമത് എ-380 വാങ്ങുന്നതിന്റെ ഭാഗമായി വിമാനത്തില്‍ പുതിയ ഓണ്‍ബോര്‍ഡ് ലോഞ്ചും എമിറേറ്റ്‌സ് ഒരുക്കിയിട്ടുണ്ട്.

സ്വകാര്യ യാട്ട് കാബിന് സമാനമായ രീതിയില്‍ ഓരോ സീറ്റിംഗ് ഏരിയയും ജനലിന് സമീപത്തായിരിക്കും സജ്ജീകരിക്കുന്നത്, ഒപ്പം ഒരു ടേബിളുമുണ്ടാകും.

യാത്രികര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്ന കാബിന്‍ ഷാംപെയ്ന്‍ നിറത്തിലാണ് തയാറാക്കിയിരിക്കുന്നത്. 26 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് പുതിയ ലോഞ്ച്.

മാത്രമല്ല, ഫൈവ് സ്റ്റാര്‍ ഷെഫുമാര്‍ തയാറാക്കുന്ന ഭക്ഷണവും പാനീയങ്ങളുമാണ് കമ്പനി യാത്രക്കാര്‍ക്കായി ഈ പാക്കേജില്‍ നല്‍കുന്നത്.

എമിറേറ്റ്‌സ് ഫ്‌ളൈറ്റ് വഴി അവധിക്കാലത്ത് ക്രോയേഷ്യയടക്കമുള്ള കിഴക്കന്‍ യൂറോപ്പ് സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ വലിയ താല്‍പ്പര്യമാണ് കാണിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Top