ഫ്രഞ്ച് പതാകയുടെ നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍

പാരിസ്: ഫ്രഞ്ച് പതാകയുടെ നിറം മാറ്റി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇളം നീല നിറത്തില്‍ നിന്ന് കടും നീല നിറത്തിലാണ് മാറ്റം വരുത്തിയത്. 1976ന് മുമ്പുള്ള നേവി നീല നിറത്തിലേക്ക് പതാകയിലെ നീല നിറം മാറ്റി. രണ്ട് വര്‍ഷം മുമ്പ് എലിസി കൊട്ടാരത്തില്‍ നേവി നീല നിറം പതാകയില്‍ ഉപയോഗിച്ചെങ്കിലും അന്ന് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. 1976ല്‍ അന്നത്തെ പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് എസ്‌റ്റെയിങ്ങാണ് കടും നീല നിറം മാറ്റി യൂറോപ്യന്‍ യൂണിയന്‍ പതാകയിലെ നിറത്തോട് സാമ്യമുള്ള ഇളം നീലയാക്കിയത്.

1791ലെ പ്രഷ്യന്‍ അധിനിവേശത്തെ ചെറുത്ത വളന്റിയര്‍മാരോടും ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പങ്കെടുത്ത സൈനികരോടും ആദരസൂചകമായിട്ടാണ് നിറത്തില്‍ മാറ്റം വരുത്തിയത്. എലീസിയുടെ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ ആര്‍നോഡ് ജോലന്‍സാണ് നിറം മാറ്റത്തിന് പിന്നില്‍. പതാകയുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട് ജോലന്‍സ് പ്രസിഡന്റ് മക്രോണിനെ സന്ദര്‍ശിച്ചിരുന്നതായി മാധ്യമപ്രവര്‍ത്തകരായ എലിയട്ട് ബ്ലോണ്ടറ്റിന്റെയും പോള്‍ ലാറോടുറോ എന്നിവരുടെ പുസ്തകമായ എലീസി കോണ്‍ഫിഡന്‍ഷ്യല്‍ എന്ന പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന് ശേഷമാണ് സംഭവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്.

പ്രസിഡന്‍സിയുടെ എല്ലാ കെട്ടിടങ്ങളിലെയും പതാകകള്‍ ഞാന്‍ മാറ്റുമെന്ന് മക്രോണ്‍ ഉറപ്പ് നല്‍കിയതായി പുസ്തകത്തില്‍ പറഞ്ഞിരുന്നു. ‘യൂറോപ്പുമായുള്ള അനുരഞ്ജന വേളയില്‍ ജിസ്‌കാര്‍ഡ് ഈ നീല നിറം മാറ്റി. എന്നാല്‍ പിന്നീട് എല്ലാ പ്രസിഡന്റുമാരും ഈ നിറം തുടരുകയായിരുന്നു. സത്യത്തില്‍ ഇത് ഫ്രഞ്ച് പതാകയായിരുന്നില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടിരുന്നു. എലീസി കൊട്ടാരത്തില്‍ നേവി നീല നിറം പ്രസിഡന്റ് ഉപയോഗിക്കുന്നതിന് മുമ്പേ പ്രത്യക്ഷപ്പെട്ടിരുന്നു. എങ്കിലും 2018 ഡിസംബര്‍ 31 മുതലാണ് പ്രസിഡന്റിന്റെ പ്രസംഗങ്ങളില്‍ പതാകയില്‍ മാറ്റം കണ്ട് തുടങ്ങിയത്. പ്രസിഡന്റിന്റെ ലോഗോയില്‍ ലോറെയ്ന്‍ ക്രോസും 2018 മുതല്‍ ചേര്‍ത്തിരുന്നു.

Top