ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ആയുധ നിര്‍മ്മാണശാലകളിലെ 82,000 ജീവനക്കാര്‍ ഒരു മാസത്തെ പണിമുടക്കിലേക്ക്. പൊതുമേഖലാ ആയുധ നിര്‍മ്മാണശാലകള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് തൊഴിലാളികളുടെ സമരം.ഇന്നു മുതല്‍ സെപ്തംബര്‍ 19 വരെയാണ് സമരം.
ഓള്‍ ഇന്ത്യ ഡിഫന്‍സ് എംപ്ലോയീസ് ഫെഡറേഷന്‍, ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് വര്‍ക്കേഴ്സ് ഫെഡറേഷന്‍, ഭാരതീയ പ്രതിരക്ഷാ മസ്ദൂര്‍ സംഘ് എന്നിവയുടെ നേതൃത്വത്തില്‍ രാജ്യത്തെ 41 ആയുധ നിര്‍മ്മാണ ശാലകളിലെ വിവിധ തൊഴിലാളി സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ആയുധ നിര്‍മ്മാണശാല സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും തൊഴിലാളികളും കുടുംബങ്ങളും ചേര്‍ന്ന് പ്രകടനങ്ങള്‍ സംഘടിപ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കാനാണ് നീക്കം നടത്തുന്നതെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഓര്‍ഡനന്‍സ് ഫാക്ടറികളില്‍ ഉല്‍പ്പാദനം അവസാനിപ്പിച്ച 275 ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണാനുമതി സ്വകാര്യ മേഖലയ്ക്ക് നല്‍കുമെന്നും ഇതില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന് സര്‍ക്കാര്‍ രൂപം നല്‍കിയത് സ്വകാര്യവത്കരണം ലക്ഷ്യമിട്ടാണെന്നാണ് സംഘടനകളുടെ ആരോപണം.