തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ വൈദ്യുതി തൊഴിലാളികളുടെ ദേശവ്യാപക പണിമുടക്ക് ഇന്ന്. കേരളത്തിലും ആവശ്യസേവനങ്ങൾക്ക് മാത്രമേ കെഎസ്ഇബി ജീവനക്കാരെത്തൂ. സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമർശനം. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭം.
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികൾ ഇന്ന് ഓഫീസുകളിലേക്ക് എത്തില്ല. കേരളത്തിലും വൈദ്യുതി ഉത്പാദനം, വിതരണം, അറ്റകുറ്റപ്പണി, ബില്ലിംഗ് അടക്കമുള്ള ഓഫീസ് ജോലികൾ എല്ലാം തടസപ്പെടും. അടിയന്തര സേവനങ്ങൾ മാത്രം ലഭ്യമാക്കും. സെക്ഷൻ ഓഫീസുകളും ഡിവിഷൻ ഓഫീസുകളും കേന്ദ്രീകരിച്ച് ധർണ സംഘടിപ്പിക്കും. ഭേദഗതിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെങ്കിൽ സമരം കടുപ്പിക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.