ജീവനക്കാര്‍ പണിമുടക്കി, എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസപ്പെട്ടു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ജീവനക്കാര്‍ പണിമുടക്കിയതോടെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ തടസപ്പെട്ടു. എയര്‍ ഇന്ത്യയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. ഇവരില്‍ 1700 ഓളം പേരാണ് സമരം തുടങ്ങിയത്.

ചൊവ്വാഴ്ച രാവിലെ 9 മണി മുതലായിരുന്നു സമരം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ദില്ലിയില്‍ നിന്നും കാഠ്മണ്ഡു, സിലിഗുരി, ജബല്‍പൂര്‍, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകി. ദില്ലിയില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള വിമാനവും നാഗ്പൂരില്‍ നിന്ന് ദില്ലിക്കുള്ള വിമാനത്തിന്റെയും സര്‍വീസ് മുടങ്ങി.

ജീവനക്കാര്‍ സമരം തുടങ്ങിയതോടെ ഇവിടുത്തെ എഞ്ചിനീയര്‍മാരാണ് പകരം ജോലി ഏറ്റെടുത്തത്. പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ് ജീവനക്കാരാണ് എയര്‍ഇന്ത്യയുടെ 60 ശതമാനം ജോലികളും ചെയ്യുന്നത്. അതിനാല്‍ തന്നെ സമരം എയര്‍ ഇന്ത്യയുടെ സവീസുകളെ കാര്യമായി ബാധിക്കും.

നേരത്തെ തന്നെ ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് പറഞ്ഞിരുന്നു. ആദ്യം ജനുവരിയില്‍ സമരം നടത്തുമെന്നു പറഞ്ഞു. പിന്നീട് ഇത് ഫെബ്രുവരിയിലേക്ക് മാറ്റി. രണ്ട് ഘട്ടത്തിലും ചര്‍ച്ചകള്‍ സമരം നീക്കിവെക്കാന്‍ കാരണമായി. എന്നാല്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വന്നതോടെ ജീവനക്കാര്‍ സമരം കടുപ്പിക്കുകയായിരുന്നു.

എയര്‍ ഇന്ത്യ സര്‍വീസ് എഞ്ചിനീയര്‍മാര്‍ക്ക് തുല്യമായ ശമ്പളം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. നിശ്ചിത കാലത്തേക്കുള്ള കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. 24000 രൂപയാണ് ഇവരുടെ വേതനം. 2020 മെയ് മാസം മുതല്‍ 21444 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇതാണ് സമരത്തിലേക്ക് നീങ്ങാന്‍ കാരണം.

Top