ബീഫ് കഴിക്കാന്‍ നിര്‍ബന്ധിച്ച് തൊഴില്‍ ഉടമയുടെ പീഡനം; സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യക്കാരന്‍

റിയാദ്:സൗദിയില്‍ ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന് ഇന്ത്യക്കാരന്‍. മാണിക്ഛദ്ദോപദ്യായ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യക്കാരന്റെ വെളിപ്പെടുത്തല്‍. പാചകക്കാരനായി സൗദിയിലെത്തിയ താന്‍, ബീഫ് കഴിക്കാനും വിളമ്പാനും വിസമ്മതിച്ചതിന്റെ പേരില്‍ തൊഴിലുടമ പീഡിപ്പിക്കുന്നു എന്നാണ് ഇയാള്‍ ആരോപിക്കുന്നത്. കരഞ്ഞുകൊണ്ടുളള ഇയാളുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ബീഫ് കഴിക്കുന്നതും അത് വിളമ്പുന്നതും തന്റെ മത വിശ്വാസത്തിന് നിരക്കുന്നതല്ല. എന്നാല്‍ തന്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യം ചെയ്യാന്‍ തൊഴിലുടമ തന്നെ നിര്‍ബന്ധിക്കുകയും അത് വിസമ്മതിച്ചതിന് തന്നെ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അപമാനിക്കുകയും ചെയ്തു എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.

തൊഴിലുടമ നിരന്തരം പീഡിപ്പിക്കുകയാണെന്നും ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന വേറെയും ആളുകളുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു.ഇന്ത്യന്‍ എംബസി ഇടപെട്ട് തന്നെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ഇയാള്‍ ആവിശ്യപ്പെടുന്നു.

മേയ് 12നാണ് സഹായം തേടി ഇയാള്‍ ആദ്യമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ പുതിയ വിദേശകാര്യ മന്ത്രിയായി ഡോ. എസ് ജയശങ്കര്‍ സ്ഥാനമേറ്റ ദിവസം അദ്ദേഹത്തിന്റെ ശ്രദ്ധക്ഷണിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത വീഡിയോയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. വിഷയം അന്വേഷിക്കാന്‍ വിദേശകാര്യ മന്ത്രി സൗദിയിലെ ഇന്ത്യന്‍ അംബാസിഡറോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ നമ്പറും വിശദാംശങ്ങളും ചോദിച്ച് ഇന്ത്യന്‍ അംബാസിഡറും എംബസിയുമൊക്കെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Top