ടെലികോം രംഗത്ത് കടുത്ത പ്രതിസന്ധി ; തൊഴില്‍ നഷ്ടമായത് നിരവധി പേര്‍ക്ക്

tech job

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ടെലികോം രംഗത്ത് നിലനില്‍ക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ മാത്രമായി ടെലികോം രംഗത്ത് 40,000ത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത ഒന്‍പത് മാസത്തിനുള്ളില്‍ 80,000 മുതല്‍ 90,000 പേര്‍ക്ക് കൂടി ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ടെലികോം രംഗത്തെ 65ഓളം ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളിലെ ജീവനക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ലാഭകരമായി മുന്‍പോട്ട് പോയിരുന്ന ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോ വന്നതോടെയാണ് കടുത്ത മത്സരം ആരംഭിച്ചത്. നിരക്കുകള്‍ വെട്ടിക്കുറച്ചും കൂടുതല്‍ സൗജന്യങ്ങള്‍ നല്‍കിയും ഉപഭോക്താകളെ പിടിക്കാന്‍ കമ്പനികള്‍ മത്സരിച്ചതോടെ പല കമ്പനികളും ചിലവു ചുരുക്കല്‍ നടപടികളിലേക്ക് കടന്നു.

ചില കമ്പനികള്‍ മത്സരം നേരിടാന്‍ സാധിക്കാതെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, മറ്റു കമ്പനികളുമായോ ലയിക്കുകയും ചെയ്തു. ഇതൊക്കെയാണ് ടെലികോം മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതിന് കാരണമായത്.

Top