‘എന്നാ താന്‍ കേസുകൊട്’; കുഞ്ചാക്കോ ബോബന്‍ മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു

കൊച്ചി: എന്നാ താന്‍ കേസുകൊട് എന്ന ചിത്രത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം പരിഹരിച്ചതായി നടന്‍ കുഞ്ചാക്കോ ബോബന്‍. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വന്ന പരസ്യമാണ് വിവാദമായി മാറിയത്. തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു പരസ്യത്തിലെ വാചകം. ഇത് ചിത്രത്തെ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിന് കാരണമായിരുന്നു. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയതായി ചാക്കോച്ചന്‍ പറഞ്ഞു. വിവാദത്തിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സിനിമ എന്തെന്ന് അറിയാതെയുള്ള ആക്രമണമാണ് നടന്നതെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. ചിത്രത്തില്‍ റോഡ് ഒരു പ്രധാന വിഷയമായി വരുന്നുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു റോഡാണെന്നും പറഞ്ഞിരുന്നു. പരസ്യവാചകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചിരുന്നു. പ്രമുഖരെല്ലാം ഇതിന് പിന്നാലെ ചിത്രം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം തന്നെ മന്ത്രി ഇത് കാര്യമാക്കേണ്ടെന്ന് പറഞ്ഞിരുന്നു.

Top