ആ രാഷ്ട്രീയ വിവാദത്തിന് അവസാനം; സംഘടനചുമതലകള്‍ വിഭജിച്ച് നല്‍കി കെപിസിസി

തിരുവനന്തപുരം: ഏറെ നാളത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ ഭാരവാഹികള്‍ക്ക് സംഘടനാ ചുമതലകള്‍ വിഭജിച്ചു നല്‍കി കെപിസിസി. സംഘടനാ ചുമതല കെ പി അനില്‍കുമാറിന് തന്നെ നല്‍കാനാണ് കെപിസിസിയുടെ തീരുമാനം. അനില്‍ കുമാറിന് സംഘടനാ ചുമതല നല്‍കിയതിനെതിരെ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതോടെ ചുമതല നല്‍കുന്നത് വൈകുകയായിരുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കും ചുമതലകള്‍ വിഭജിച്ച് നല്‍കിയിട്ടുണ്ട്.

എ ഗ്രൂപ്പിലെ തമ്പാനൂര്‍ രവിക്ക് ഓഫീസിന്റെയും തെരഞ്ഞെടുപ്പിന്റെയും ചുമതല നല്‍കി. ആറ് ജില്ലകളുടെ ചുമതല എ വിഭാഗത്തിനും ഏഴെണ്ണം ഐ വിഭാഗത്തിനും ഒരു ജില്ല വി എം സുധീരനൊപ്പമുള്ള ടോമി കല്ലാനിക്കും നല്‍കി. വൈസ് പ്രസിഡന്റുമാര്‍ക്കും ഇത്തവണ ചുമതല നല്‍കിയിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസിന്റെയും കരുണാകരന്‍ ഫൗണ്ടേഷന്റെയും ചുമതല പത്മജാ വേണുഗോപാലിനാണ്. സി ആര്‍ മഹേഷിന് യൂത്ത് കോണ്‍ഗ്രസിന്റെയും ജയ്‌സണ്‍ ജോസഫിന് കെഎസ്യുവിന്റെയും ചുമതല നല്‍കി.

Top