സൂം സൗജന്യ കോളുകളില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എത്തി

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം മൂലം വര്‍ക്ക് ഫ്രം ഹോം ജോലികള്‍ തുടങ്ങിയതോടെ ആളുകള്‍ വന്‍തോതില്‍ ഉപയോഗിച്ച് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമാണ് സൂം. ഇപ്പോള്‍ സ്വകാര്യതയെയും സുരക്ഷയെയും സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുകയാണ് സൂം. ഡെസ്‌ക്ടോപ്പിനും മൊബൈലിനുമുള്ള എല്ലാ സൗജന്യ കോളുകള്‍ക്കും സൂം എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൊണ്ടുവന്നു.

സൂം കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രഖ്യാപിച്ചിരുന്നു. സൗജന്യ സൂം കോളില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്സസ് ചെയ്യുന്നതിന് കുറച്ച് കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യേണ്ടതുണ്ട്. ആദ്യത്തേത് ഡെസ്‌ക്ടോപ്പിനോ മൊബൈലിനോ ഉള്ള സൂം ആപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. ഡെസ്‌ക്ടോപ്പിലും മൊബൈലിലും 5.4.0 പതിപ്പ് ഉള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ സുരക്ഷിതമായി വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുമെന്ന് സൂം അറിയിച്ചിട്ടുണ്ട്.

ഈ സവിശേഷത കൊണ്ടുവന്നുവെങ്കിലും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി സൗജന്യ സൂം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്ന മീറ്റിംഗില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്താല്‍ നിരവധി സവിശേഷതകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയില്ല. ക്ലൗഡ് റെക്കോര്‍ഡിംഗ്, ലൈവ് ട്രാന്‍സ്‌ക്രിപ്ഷന്‍, മീറ്റിംഗ് റീയാക്ഷന്‍ എന്നീ സവിശേഷതകളൊന്നും സൗജന്യ സൂം മീറ്റിങില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്ടിവേറ്റ് ചെയ്താല്‍ ലഭിക്കില്ല. കൂടാതെ, പങ്കെടുക്കുന്നവര്‍ക്ക് ഫോണ്‍ വഴി വീഡിയോ കോളില്‍ ചേരാനും ആവില്ല.

സൗജന്യ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആക്സസ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ ഫോണ്‍ നമ്പറും ബില്ലിംഗ് വിവരങ്ങളും നല്‍കേണ്ടതുണ്ട്. ഈ സുരക്ഷ ഫീച്ചര്‍ ആപ്പ് വഴി മാത്രമേ ലഭിക്കുകയുള്ളു വെബ് ബ്രൌസറിലൂടെ ലഭിക്കില്ല.

Top