endosulfan-victims-against-futile-promise

കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമര രംഗത്ത്. തിരുവനന്തപുരത്ത് അമ്മമാരും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും നടത്തിയ കഞ്ഞിവെപ്പു സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും സമരസമിതി പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്. എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണിയുടെ നേതൃത്വത്തില്‍ ഒപ്പുമരച്ചുവട്ടിലാണ് ഇവര്‍ ഒത്തുകൂടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വികാരം പ്രകടമാകുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഏത് സര്‍ക്കാര്‍ വന്നാലും തങ്ങളുടെ അവകാശങ്ങള്‍ ലഭിക്കുന്നതുവരെ ദുരിതബാധിതര്‍ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതവാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, പുനരധിവാസം നടപ്പിലാക്കുക, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുക, സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുക, കടബാധ്യത എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇത് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സമരസമിതി വ്യക്തമാക്കുന്നു

Top