പാക്ക് അധീന കശ്മീര്‍ ഇന്ത്യന്‍ സേന പിടിച്ചെടുക്കുമെന്ന് ശത്രുക്കള്‍ക്ക് ഭയം

പാക്ക് അധീന കശ്മീര്‍ ഇന്ത്യ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ചൈനയും. ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പാക്ക് സൈനിക മേധാവി തന്നെ ആശങ്ക പങ്കുവെച്ചിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായാണ് പാക്കിസ്ഥാന്‍ ആരോപിച്ചിരിക്കുന്നത്. അതേ സമയം .ശത്രുവിനെ നേരിടാന്‍ തന്ത്രപരമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്.

ചൈനയെയും പാകിസ്താനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആണ് ഇന്ത്യന്‍ സേന ആവിഷ്‌കരിച്ചിരിക്കുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയിലോ നിയന്ത്രണരേഖയിലോ ഉള്ള അതിക്രമങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി ‘ബിആര്‍’ പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കിഴക്കന്‍ ലഡാക്കിലെ സമുദ്രനിരപ്പില്‍ നിന്നും 17000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഉഗ്രശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്. നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് കോ മറികടന്നാല്‍ ചൈനയ്ക്ക് തക്കതായ മറുപടി നല്‍കാന്‍ ഭീഷ്മയ്ക്ക് സാധിക്കും.

നിയന്ത്രണരേഖയില്‍ ചൈന ടി-63, ടി-99 ടാങ്കുകളെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടാങ്കറുകള്‍ക്കാണ് കൂടുതല്‍ പ്രഹരശേഷിയുള്ളത്. ഇത് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ചൈനയുടേയും പാകിസ്താന്റേയും ചങ്കിടിപ്പിച്ചു കൊണ്ട് വ്യോമസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളും അതിര്‍ത്തിയ്ക്ക് മുകളില്‍ സദാ നിരീക്ഷണം തുടരുന്നുണ്ട്. ചൈനയുടേയും പാകിസ്താന്റെയും ഏത് തരം ആക്രമണങ്ങളേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന സൂചനകളാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്. കായിക ക്ഷമതയും യുദ്ധം ചെയ്ത പരിചയവുമാണ് ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത്.

ചൈനയുടെ അതിര്‍ത്തിയില്‍, ഭൂമി ശാസ്ത്രപരമായ മേധാവിത്വവും ഇന്ത്യക്ക് അനുകൂലമാണ്. ഇതിനെല്ലാം പുറമെ റഫാല്‍ കൂടി എത്തിയത് സൈനിക കരുത്തിനെ വലിയ തോതിലാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിക്ക് മുകളില്‍ നിന്നു തന്നെ ചൈനയെയും പാക്കിസ്ഥാനെയും ആക്രമിക്കാന്‍,റഫാലിനു കഴിയും. അത്രയ്ക്കും ശേഷിയുള്ള മികച്ച യുദ്ധവിമാനമാണിത്. ഫ്രഞ്ച് നിര്‍മ്മിത ഈ വിമാനത്തോട് കിടപിടിക്കാവുന്ന ഒരു വിമാനവും നിലവില്‍ ചൈനയുടെ പക്കല്‍ പോലുമില്ല. അവരുടെ കയ്യില്‍ ഉള്ള യുദ്ധ വിമാനങ്ങളാകട്ടെ കരുത്ത് ഇതുവരെ തെളിയിക്കാത്തതുമാണ്.

എന്നാല്‍ റഫാല്‍ ഇതിനകം തന്നെ ലോകത്തിനു മുന്നില്‍ കരുത്ത് തെളിയിച്ച വിമാനമാണ്. ഈ യുദ്ധ വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. വേഗമാകട്ടെ മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്‌സ് ശേഷിയുള്ളതാണിത്. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനും കഴിയും. അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ചതും റഫാലായിരുന്നു. ഇതിന്റെ ശേഷിയാകട്ടെ സാക്ഷാല്‍ അമേരിക്കയെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. റഫാലിനെ ആക്രമിച്ചു വീഴ്ത്തുക എന്നതും എളുപ്പമുള്ള കാര്യമല്ല. ശത്രു ലക്ഷ്യമിടും മുന്‍പേ ആ പ്രദേശം തന്നെ ചാരമാക്കാന്‍ ഈ ആക്രമണകാരിക്ക് കഴിയും. പാക്ക് സൈനിക മേധാവിയെ ഭയപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യമാണ്.

Top