വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് നരേന്ദ്രമോദി

റിയാദ്: ഊർജമേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ എണ്ണ-പ്രകൃതിവാതക വ്യവസായത്തിൽ ഏഴ് ലക്ഷം കോടിയിൽപ്പരം രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിൽ വാർഷിക നിക്ഷേപക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഊർജരംഗത്തെ വൻ നിക്ഷേപത്തിലൂടെ അഞ്ച് വർഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. വിദേശനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി കൂടുതൽ സ്ഥിരതയും സുതാര്യവുമായ നയം ആവിഷ്കരിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇന്ത്യയും സൌദിയും തമ്മിലുള്ള ബന്ധത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും ഈ ബന്ധം കൂടുതല്‍ മെച്ചപ്പെടുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപത്തിന് വിപുലമായ സാധ്യതകളുള്ള ഇന്ത്യയിലേക്ക് മോദി വ്യവസായികളെ ക്ഷണിച്ചു.

അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടു വലിയ തോതിലുള്ള നിക്ഷേപസാധ്യതകള്‍ ഇന്ത്യയിലുണ്ട്. 4 വര്‍ഷത്തിനുള്ളില്‍ 400 മില്ല്യണ്‍ വിദഗ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നും മോദി പറഞ്ഞു.

ഇന്ത്യയിലെ കഴിവും കഠിനാധ്വാനവുമുള്ള യുവാക്കള്‍ നിക്ഷേപകര്‍ക്ക് മുതല്‍ക്കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top