തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡിലെ അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണം ഉപയോഗിച്ചോയെന്ന് എന്‍ഐഎ പരിശോധിക്കും. തുടരന്വേഷണത്തിനായി ഫയലുകള്‍ എന്‍ഐയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് കൈമാറും. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വിദേശനിക്ഷേപ വിവരങ്ങളടങ്ങിയ ഫയലുകളാണ് കൈമാറുക.
കഴിഞ്ഞയാഴ്ച്ചയായിരുന്നു സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തിയത്. മലപ്പുറത്തെയും മൂവാറ്റുപുഴയിലെയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ രാവിലെയെത്തിയാണ് ഒരു സംഘം ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഈ സമയത്ത് വീട്ടില്‍ അഷ്‌റഫ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് കാരണം എന്താണാണെന്ന് ഇഡി സംഘം വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര ഏജന്‍സിയുടെ പരിശോധനയ്ക്ക് എതിരെ സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുത്ത പൊലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രദേശിക നേതാവിന്റെ വീട്ടിലാണ് പരിശോധന നടന്നത്. പെരുമ്പടപ്പ് വെസ്റ്റ് പ്രസിഡണ്ട് റസാഖിന്റെ വീട്ടില്‍ രാവിലെയെത്തിയ അന്വേഷണ സംഘം പരിശോധന പൂര്‍ത്തിയാക്കി. ഇഡി പരിശോധനക്ക് എതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ പ്രതിഷേധിച്ചു. പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖിന്റെ വീട്ടിലും ഇഡി റെയ്ഡ് നടത്തി.