തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തൃശൂര്‍: തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ് ഇഡി. കോടികളുടെ തട്ടിപ്പ് പുറത്ത് വന്നിട്ടും പരാതിക്കാര്‍ രംഗത്ത് വരാത്ത പശ്ചാത്തലത്തിലാണ് നടപടി. പണം തിരിച്ച് നല്‍കി കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികള്‍ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി വ്യക്തമാക്കുന്നു

ഈ സഹാചര്യത്തില്‍ അന്വേഷണം അട്ടിമറിക്കാന്‍ പ്രതികള്‍ നീക്കം തുടങ്ങി. ചേര്‍പ്പ് സ്റ്റേഷനിലെ കേസ് റദ്ദാക്കാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് ഇതിന്റെ ഭാഗമെന്നാണ് ഇഡി വിശദീകരിക്കുന്നത്. നിസാര വകുപ്പുകളുള്ള മറ്റ് കേസുകളും പണം നല്‍കി ഒത്തുതീര്‍പ്പാക്കാനും നീക്കമുണ്ട്.. ഇത് ഇഡി അന്വേഷണത്തിനും തടസ്സമാകും. സമൂഹമാധ്യമങ്ങളിലൂടെ നിക്ഷേപകരെ വിശ്വാസത്തിലെടുക്കാന്‍ ഒളിവിലുള്ള പ്രതികള്‍ ശ്രമം നടത്തുന്നതായി വ്യക്തമാക്കുന്ന ഇഡി പ്രതികള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്.നിലവില്‍ പുതുക്കാട്, എറണാകുളം സൗത്ത്, സുല്‍ത്താന്‍ ബത്തേരി കേസുകളില്‍ മാത്രമാണ് ഇഡിയ്ക്ക് ഇസിഐആര്‍ ഇട്ട് അന്വേഷിക്കാന്‍ കഴിയുന്ന ഐപിസി 420 വകുപ്പുകളുള്ള കേസുള്ളത്. മറ്റ് കേസുകളില്‍ നിസാര വകുപ്പുകളാണ് പോലീസ് ചുമത്തിയത്. ഇഡി അന്വേഷണം തുടങ്ങിയതോടെ പുതിയ നിക്ഷേപകര്‍ ഹൈറിച്ചില്‍ എത്തുന്നില്ല. പുതിയ അംഗങ്ങള്‍ ചേര്‍ന്നാല്‍ മാത്രമാണ് മുന്‍ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കാന്‍ കഴിയുക.

ഒരു കോടിയിലധികം നിക്ഷേപകരില്‍ നിന്നാണ് 1693 കോടി രൂപ മണി ചെയിന്‍ മാതൃകയില്‍ ഹൈറിച്ച് കമ്പനി ഉടമകള്‍ കൈക്കലാക്കിയത്. 2 ഡോളറിന്റെ ഹൈറിച്ച് കോയിന്‍ എടുത്താല്‍ 10 ഡോളര്‍ ആക്കി മടക്കി നല്‍കുമെന്നായിരുന്നു വാഗ്ദാനം. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണ് ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ സംസ്ഥാനത്തും വിദേശത്തുമുണ്ട്. എന്നാല്‍ തട്ടിപ്പ് പുറത്ത് വന്നിട്ടും കമ്പനി ഉടമകള്‍ മുങ്ങിയിട്ടും പരാതിക്കാര്‍ കാര്യമായി മുന്നോട്ട് വന്നിട്ടില്ല. ഇഡി അന്വേഷണം തുടങ്ങിയതിന് പിറകെ തൃശ്ശൂര്‍ പുതുക്കാട് മാത്രമാണ് പുതിയ ഒരു പരാതി വന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വന്‍തുക നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ തേടുന്നത്. എന്തുകൊണ്ട് പരാതിക്കാര്‍ രംഗത്ത് വരുന്നില്ലെന്നാണ് പരിശോധിക്കുക.

Top