എൻജിനിയറിങ് പഠനം കൂടുതൽ പ്രാദേശികഭാഷകളിലേക്ക്

ഡൽഹി: എൻജിനിയറിങ് പഠനം കൂടുതൽ പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും ജനുവരി 31 വരെ തുടരും.

മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ, കംപ്യൂട്ടർ സയൻസ് എന്നീ അഞ്ച് പ്രധാന വിഷയങ്ങളിൽനിന്നുള്ള ഒന്ന്-രണ്ട് വർഷ എൻജിനിയറിങ് പുസ്തകങ്ങളും ഹിന്ദി, ഒഡിയ, മറാഠി ഭാഷകളിലെ ഒന്നാംവർഷ എൻജിനിയറിങ് പുസ്തകങ്ങളും ആദ്യഘട്ട ചർച്ചകളുടെ ഭാഗമാക്കും. ഡിപ്ലോമ തലത്തിലുള്ള പുസ്തകങ്ങളും പ്രാദേശിക ഭാഷകളിൽ പുറത്തിറക്കുന്നത് സംബന്ധിച്ചും ചർച്ചചെയ്യും. ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ട ചർച്ചകളിൽ മലയാളം, ഉറുദു, അസമീസ്, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി, ബംഗാളി, ഗുജറാത്തി എന്നീ ഭാഷകളിലെ എൻജിനിയറിങ് പുസ്തകങ്ങൾ ചർച്ചയ്ക്കെടുക്കും.

ഐ.ഐ.ടി., സി.എഫ്.ടി.ഐ., എൻ.ഐ.ടി., ഐ.ഐ.ഐ.ടി. എന്നിവിടങ്ങളിലും ഈ പുസ്തകങ്ങൾ ഭാവിയിൽ ഉപയോഗിച്ചേക്കാമെന്ന് യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.

Top