ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ഇതിഹാസ താരം അലസ്റ്റയര്‍ കുക്കിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ 118 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 4 – 1 ന് ഇന്ത്യയെ തകര്‍ത്തു.
രണ്ടു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്റെയും (149), മികച്ച പ്രകടനത്തോടെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയ യുവതാരം ഋഷഭ് പന്തിന്റെയും (114) ഇന്നിങ്‌സിനൊടുവിലാണ് ഓവലില്‍ ഇന്ത്യ തോല്‍വി സമ്മതിച്ചത്.
ഇംഗ്ലണ്ട് ബോളര്‍ ജയിംസ് ആന്‍ഡേഴ്‌സന്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പേസ് ബോളറാകുന്നതിനും ഓവല്‍ ക്ഷ്യം വഹിച്ചു. 143 ടെസ്റ്റുകളില്‍നിന്ന് 564 വിക്കറ്റുകള്‍ സ്വന്തമാക്കിയ ആന്‍ഡേഴ്‌സന്‍, ഗ്ലെന്‍ മഗ്രാത്തിനെയാണ് പിന്നിലാക്കിയത്. സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), അനില്‍ കുംബ്ലെ (619) എന്നിവര്‍ മാത്രമാണ് ഇനി കീഴടക്കാനുള്ളത്.
ആറാം വിക്കറ്റില്‍ ഋഷഭ് പന്തിനൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും (204) അജിങ്ക്യ രഹാനെയ്‌ക്കൊപ്പം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടും (118) തീര്‍ത്ത ലോകേഷ് രാഹുലിന്റെ പോരാട്ടമാണ് ഓവല്‍ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്നത്. 118 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്‌സും സഹിതം രാഹുല്‍ ടെസ്റ്റിലെ അഞ്ചാം സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. ഈ പരമ്പരയില്‍ ഇതാദ്യമായാണ് രാഹുല്‍ 50ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്.