നിഷ്‌നി: പാനമയെ ഗോള്‍മഴയില്‍ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് പാനമയെ വീഴ്ത്തിയത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ഹാട്രിക്ക് നേടി. ആദ്യ രണ്ട് ഗോളുകള്‍ പെനല്‍റ്റിയില്‍ നിന്നായിരുന്നു.
ഇതോടെ രണ്ടു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുമായി ഹാരി കെയ്ന്‍ റഷ്യന്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി. നാലു ഗോള്‍ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊമേലു ലുക്കാകു എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. റൊണാള്‍ഡോയാണ് കെയ്‌നു മുന്‍പേ റഷ്യന്‍ മണ്ണില്‍ ഹാട്രിക് നേടിയ താരം.
എട്ടാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍ നേടിയ ജോണ്‍ സ്റ്റോണ്‍സ് 40 മിനിറ്റില്‍ രണ്ടാം ഗോളും നേടി. ശേഷിച്ച ഗോള്‍ ജെസ്സെ ലിങ്കാര്‍ഡിന്റെ വകയാണ്. 36-ാം മിനിറ്റിലായിരുന്നു ലിങ്കാര്‍ഡിന്റെ ഗോള്‍. പാനമയുടെ ആശ്വാസ ഗോള്‍ ബലോയ് നേടി. അവരുടെ ആദ്യ ലോകകപ്പ് ഗോള്‍കൂടിയാണിത്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ബല്‍ജിയത്തോടും തോറ്റ പാനമ രണ്ടാം തോല്‍വിയോടെ പുറത്തായി. ഇതേ ഗ്രൂപ്പില്‍നിന്ന് ബല്‍ജിയവും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. തുനീസിയയാണ് പുറത്തായ രണ്ടാമത്തെ ടീം.