മുംബൈ: ഇന്ത്യയ്‌ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ഇന്ത്യന്‍ വനിതകള്‍ ഉയര്‍ത്തിയ 428 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് വെറും 136 റണ്‍സില്‍ എല്ലാവരും പുറത്തായി. 5.3 ഓവറില്‍ 4 മെയ്ഡനടക്കം വെറും ഏഴ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ്മയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ഇന്ത്യ ബാറ്റിംഗിനിറങ്ങി.
ഇന്നലെ ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ശുഭ സതീഷ്, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവരും അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു. ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 49 റണ്‍സും സംഭാവന ചെയ്തു. 69 റണ്‍സെടുത്ത ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ 68ഉം യാസ്തിക ഭാട്ടിയ 66ഉം റണ്‍സെടുത്തു.
ആദ്യ ദിനം 60 റണ്‍സുണ്ടായിരുന്ന ദീപ്തി ശര്‍മ്മ ഇന്ന് 67 റണ്‍സില്‍ നില്‍ക്കുമ്പോള്‍ പുറത്തായി. പിന്നാലെ ഇംഗ്ലീഷ് ബാറ്റര്‍മാരും ദീപ്തിയുടെ പന്തുകള്‍ക്ക് മുന്നില്‍ വട്ടം കറങ്ങി. ഇംഗ്ലണ്ട് നിരയില്‍ നാറ്റ് സ്‌കീവറിന്റെ 59 റണ്‍സ് മാത്രമാണ് എടുത്ത് പറയാനുള്ളത്.ആദ്യ ദിനത്തെ സ്‌കോറായ ഏഴിന് 410നോട് 18 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് ഇന്ന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.