ഹൈദരാബാദ്: സ്പിന്നര്‍ ഷൊയൈബ് ബഷീറിന് ഇന്ത്യന്‍ വിസ കിട്ടാന്‍ വൈകിയതില്‍ ബിസിസിഐയോട് വിശദീകരണം ആരാഞ്ഞ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ബഷീറിന്റെ വിസ പ്രശ്‌നം പരിഹരിച്ചെങ്കിലും ഭാവിയില്‍ മറ്റ് താരങ്ങള്‍ സമാന പ്രശ്‌നം നേരിടാതിരിക്കാന്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇസിബിയുടെ നീക്കം എന്ന് ഇന്‍സൈഡ് സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുടെ ആശയവിനിമയത്തില്‍ വിള്ളലുണ്ടായതായി ഇംഗ്ലണ്ട് ബോര്‍ഡ് ആരോപിക്കുന്നു. മുമ്പ് മൊയീന്‍ അലി, സാദിഖ് മഹമ്മൂദ് തുടങ്ങിയ താരങ്ങളും സമാന രീതിയില്‍ വിസ പ്രശ്‌നം നേരിട്ടിരുന്നു.
ഡിസംബര്‍ മധ്യേ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടും ബഷീറിന് വിസ കിട്ടാത്തതിലുള്ള അതൃപ്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് പ്രകടിപ്പിച്ചിരുന്നു. ‘ഏറെ അസ്വസ്ഥനാക്കുന്ന വാര്‍ത്തയാണിത്. ഡിസംബര്‍ മധ്യേ നമ്മള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോള്‍ ഷൊയൈബ് ബഷീര്‍ വിസ പ്രശ്‌നം നേരിടുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ അവസരത്തില്‍ തന്നെ ഒരു യുവതാരം ഈ ബുദ്ധിമുട്ട് നേരിടുന്നത് ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് എന്നെ കൂടുതല്‍ അസ്വസ്തനാക്കുന്നു. ഇന്ത്യന്‍ വിസ പ്രശ്‌നം നേരിടുന്ന ആദ്യ താരമല്ല ഷൊയൈബ് ബഷീര്‍. ഞാന്‍ മുമ്പ് ഒപ്പം കളിച്ച പല താരങ്ങളും സമാന പ്രശ്‌നം നേരിട്ടുണ്ട്’ എന്നുമായിരുന്നു സ്റ്റോക്‌സിന്റെ വാക്കുകള്‍.
വിസ പ്രശ്‌നം കാരണം ഷൊയൈബ് ബഷീറിന് ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡിനൊപ്പം ഇന്ത്യയിലേക്ക് വരാനായിരുന്നില്ല. ഇന്ത്യയിലേക്കുള്ള യാത്രക്കിടെ പാകിസ്ഥാനി വംശജനായ താരം വിസ ലഭിക്കാത്തതിനാല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയായിരുന്നു. സഹതാരങ്ങളെല്ലാം ഇന്ത്യയിലേക്ക് വിമാനം കയറിയപ്പോള്‍ ഇരുപതുകാരനായ ഷൊയൈബ് ബഷീര്‍ അബുദാബിയില്‍ തുടരുകയായിരുന്നു. വിസ വൈകിയതോടെ താരം ലണ്ടനിലേക്ക് മടങ്ങി. എന്നാല്‍ ലണ്ടനില്‍ എത്തിയ ഉടന്‍ വിസ തയ്യാറാവുകയും ചെയ്തു. രണ്ടാം ടെസ്റ്റിന് മുമ്പ് ബഷീര്‍ ഇംഗ്ലണ്ട് സ്‌ക്വാഡിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.