ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിന്റെ 12 അംഗ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലര്‍ മത്സരത്തിലുണ്ടാവില്ലെന്ന് ഇംഗ്ലണ്ട് മാനേജ്‌മെന്‍റ് നേരത്തെ അറിയിച്ചിരുന്നു. പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണും ജോഫ്ര ആര്‍ച്ചറും സ്‌പിന്നര്‍ ഡോം ബെസ്സും ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഒന്നാം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച ആന്‍ഡേഴ്‌സന് ടീമിലെ റൊട്ടേഷന്‍ പോളിസി പ്രകാരം വിശ്രമം അനുവദിക്കുകയായിരുന്നു.
സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡാണ് ജിമ്മിയുടെ പകരക്കാരന്‍. ബട്ട്‌ലറുടെ പകരക്കാരനായി ബെന്‍ ഫോക്‌സാണ് വിക്കറ്റ് കാക്കുക. ആര്‍ച്ചര്‍ക്ക് പകരം ക്രിസ് വോക്‌സോ ഓലി സ്റ്റോണോ ഇലവനിലെത്തും. ചെപ്പോക്കിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ജാക്ക് ലീച്ച് എന്നിവര്‍ ജോ റൂട്ട് നയിക്കുന്ന 12 അംഗ ടീമിലുണ്ട്. അന്തിമ ഇലവന്‍ ടോസ് വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 227 റണ്‍സിന് വിജയിച്ചിരുന്നു.
ഇംഗ്ലണ്ട് 12 അംഗ ടീം: ജോ റൂട്ട്(നായകന്‍), ഡോം സിബ്ലി, റോറി ബേണ്‍സ്, ഡാന്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഓലി പോപ്, ബെന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഓലി സ്റ്റോണ്‍