ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് അട്ടിമറി നേരിട്ടിരിക്കുകയാണ് ഇംഗ്ലണ്ട്

ഡല്‍ഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനോട് അട്ടിമറി നേരിട്ടിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ ന്യുസീലന്‍ഡിനോടും ഇംഗ്ലണ്ട് തോറ്റിരുന്നു. ബംഗ്ലാദേശിനെതിരായ ഏക വിജയമാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ലോക ചാമ്പ്യന്‍മാരായി തുടരണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് ജയം നിര്‍ണായകമാണ്. വിജയത്തിനായി കഴിഞ്ഞ ലോകകപ്പ് വിജയത്തിലെ ഹീറോ ബെന്‍ സ്റ്റോക്‌സിനെ കളത്തിലിറക്കാനാണ് ഇംഗ്ലണ്ടിന്റെ നീക്കം.

മടങ്ങിവരവില്‍ ന്യുസീലന്‍ഡിനെതിരെ 182 റണ്‍സടിച്ച് സ്റ്റോക്‌സ് ഞെട്ടിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ അട്ടിമറി നേരിട്ട ദക്ഷിണാഫ്രിക്കയും ലോകകപ്പില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സ്റ്റോക്‌സിന്റെ സാന്നിധ്യം ഇംഗ്ലണ്ടിന് വിജയം നേടിത്തരുമോ എന്നത് ശനിയാഴ്ച അറിയാന്‍ കഴിയും. അഫ്ഗാനെതിരെ പരാജയപ്പെട്ട ശേഷം ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്ന് പരിശീലകന്‍ മാത്യു മോട്ട് പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങാന്‍ തയ്യാറാണെന്ന് ബെന്‍ സ്റ്റോക്‌സ് അറിയിച്ചു. ജിമ്മില്‍ വെച്ച് ഇടുപ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സ്റ്റോക്‌സ് ആദ്യ മത്സരങ്ങളില്‍ കളിക്കാതിരുന്നത്. ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ബെന്‍ സ്റ്റോക്‌സിനെ ഇംഗ്ലീഷ് ടീം തിരിച്ചുവിളിക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരുപോലെ കളിക്കുക പ്രയാസമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

 

 

Top