ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം എഡിഷനില്‍ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്ഹാമിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുക. പരുക്ക് വലയ്ക്കുന്ന ഇന്ത്യന്‍ ടീമില്‍ നാളെ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നാണ് വിവരം. ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ഇല്ലാതെയാവും ഇംഗ്ലണ്ട് ഇറങ്ങുക.

കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പാണ് ഇന്ത്യ അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാഡ് കെട്ടുക. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയിച്ച ന്യൂസീലന്‍ഡിന്റെ ആഘോഷങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പോരാത്തതിന് ശുഭ്മന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അവേശ് ഖാന്‍ എന്നിവര്‍ പരുക്കേറ്റ് പുറത്താവുകയും ചെയ്തു. പകരം ടീമിലേക്ക് വിളിച്ച പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ല. ഇതിനെല്ലാം പുറമേ പരിശീലനത്തിനിടെ ഹെല്‍മറ്റില്‍ പന്തിടിച്ച് പരുക്കേറ്റ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ നാളത്തെ മത്സരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇതിനെയൊക്കെ മറികടന്നുവേണം ഇന്ത്യക്ക് കളിയില്‍ പ്രകടനം നടത്താന്‍.

നേരത്തെ, ടെസ്റ്റ് മത്സരങ്ങളില്‍ എപ്പോഴും ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചിരുന്നു. സമനിലയില്‍ താത്പര്യമില്ല. മൂന്നാം ദിനമോ നാലാം ദിനമോ ടെസ്റ്റ് സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനു മുന്നോടിയായി കോലി പറഞ്ഞു.

 

Top