ഇംഗ്ലണ്ട്-ഇന്ത്യ വനിതാ ടി-20 പരമ്പര; മൂന്നാം മത്സരം ഇന്ന്

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള വനിതാ ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് നിര്‍ണായക മത്സരം ആരംഭിക്കുക. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനില പാലിക്കുകയാണ്. ഈ കളി ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.

ഏകദിന പരമ്പര 2-1ന് അടിയറ വെച്ച ഇന്ത്യക്ക് ടി-20 പരമ്പരയിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ബാറ്റിംഗ് ഡിപ്പാര്‍റ്റ്‌മെന്റില്‍ വേണ്ട കരുത്തില്ലാത്തത് ഇന്ത്യയെ പിന്നോട്ടടിക്കുന്നു. സ്മൃതി മന്ദന, ഷഫാലി വര്‍മ്മ എന്നിവരൊക്കെ ബാക്കിയാരും ടി-20ക്ക് അനുസൃതമായ രീതിയില്‍ കളിക്കുന്നില്ല. ഹര്‍മന്‍പ്രീത് ഫോം ഔട്ടാണ്. കഴിഞ്ഞ മത്സരത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഫോമിലേക്കുയര്‍ന്നത് ആശ്വാസമാണെങ്കിലും ഈ മൂന്ന് പേരില്‍ മാത്രം ഇന്ത്യക്ക് ആശ്രയിക്കാനാവില്ല.

കഴിഞ്ഞ മത്സരത്തില്‍ ദീപ്തി ശര്‍മ്മ പുറത്താവാതെ 24 റണ്‍സ് നേടിയെങ്കിലും അതിന് 27 പന്തുകള്‍ വേണ്ടിവന്നു. ഒരു ടി-20 ഇന്നിംഗ്‌സ് എന്ന നിലയില്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു അത്. മികച്ച ടോപ്പ് ഓര്‍ഡര്‍ ബാറ്ററായ റിച്ച ഘോഷ് കഴിഞ്ഞ കളിയില്‍ ബാറ്റ് ചെയ്തത് അഞ്ചാം സ്ഥാനത്താണ്.

റിച്ച ദീപ്തി ശര്‍മ്മ ബാറ്റ് ചെയ്യുന്ന പൊസിഷനിലെങ്കിലും കളിച്ചാലേ ഇന്ത്യക്ക് ഗുണമുണ്ടാവൂ. സ്‌നേഹ് റാണ ഫിനിഷര്‍ റോളില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ദീപ്തി ശര്‍മ്മയുടെ ബാറ്റിംഗ് പൊസിഷനാവും ഇന്ത്യന്‍ സംഘത്തെ കുഴയ്ക്കുന്നത്.

മറുവശത്ത് ഇംഗ്ലണ്ട് കരുത്തരാണ്. മെല്ലെപ്പോക്കുകാര്‍ ടീമില്‍ ഇല്ല. ഒന്നാം നമ്പര്‍ മുതല്‍ 6, 7 നമ്പറുകള്‍ വരെ തുടരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്ത്. ഈ കരുത്തിനെ തടഞ്ഞുനിര്‍ത്തുക എന്നതും ഇന്ത്യക്ക് വെല്ലുവിളിയാകും.

 

 

Top