തിരിച്ചു വരവ് ലക്ഷ്യമിട്ട് ഇന്ത്യ; ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 354 റണ്‍സിന്റെ ലീഡ്

ലീഡ്സ്: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയെ 72 റണ്‍സിന് പുറത്താക്കിയ ശേഷം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്. എട്ടിന് 423 റണ്‍സുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 354 റണ്‍സിന്റെ വമ്പന്‍ ലീഡ് സ്വന്തമാക്കി.

ഇന്ത്യയെ എറിഞ്ഞൊതുക്കിയ ശേഷം ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ സെഞ്ചുറി മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയാണ് റൂട്ട് ഇംഗ്ലണ്ടിനെ മുന്നില്‍ നിന്നും നയിച്ചത്. 165 പന്തില്‍ 121 റണ്‍സാണ് താരം നേടിയത്.

ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ റോറി ബേണ്‍സ് (61) ഹസീബ് ഹമീദ് (68) ഡേവിഡ് മലാന്‍ (71) എന്നിവരും തിളങ്ങി. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബോളിങ് നിരയെ യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ച് തകര്‍ത്തത്.

ഒന്നാം ഇന്നിങ്‌സില്‍ 105 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 പന്തില്‍ 18 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാന്‍. ടീം ടോട്ടലിലെ 16 റണ്‍സ് എക്സ്ട്രായിനത്തില്‍ ലഭിച്ചതാണ്.

ബാറ്റിങ്ങില്‍ പാടേ പരാജയപ്പെട്ടതിന് ശേഷം ബോളിങ്ങില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് രണ്ടാം ദിനം ഇന്ത്യ കളിക്കളത്തിലിറങ്ങിയത്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്താനായെങ്കിലും പിന്നീട് ഇംഗ്ലണ്ട് മത്സരത്തില്‍ പിടി മുറുക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ന് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് വലിയ ഇന്നിങ്‌സുകള്‍ ഉണ്ടായാല്‍ മാത്രമേ ഇന്ത്യക്ക് ഈ മത്സരത്തില്‍ തിരിച്ചുവരാന്‍ സാധിക്കുകയുള്ളു.

 

Top