വാഷിങ്ടണ്‍ സുന്ദറും ആര്‍. അശ്വിനും ക്രീസില്‍; പ്രതീക്ഷയോടെ ഇന്ത്യ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 578 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 321 റണ്‍സ് പിറകിൽ. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ആറിന് 257 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. 33 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും എട്ടു റണ്‍സുമായി ആര്‍. അശ്വിനുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്സില്‍ 379 റണ്‍സിലെത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് ഇന്ത്യയെ വീണ്ടും ബാറ്റുചെയ്യിക്കാം.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് സഖ്യം 119 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. 143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഋഷഭ് പന്തിനെയും ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം.

നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു. പിന്നാലെ 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത് ക്യാപ്റ്റന്‍ വിരാട് കോലിയും മടങ്ങി. അജിങ്ക്യ രാഹനെയെ (1) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇംഗ്ലണ്ടിനു വേണ്ടി നാലു വിക്കറ്റ് ഡൊമിനിക് ബെസ്സും ജോഫ്ര ആര്‍ച്ചര്‍ രണ്ടു വിക്കറ്റും വീഴ്ത്തി.

Top