പൂജാരയ്ക്കും പന്തിനും അർധ സെഞ്ചുറി; നാലിന് 154 റണ്‍സെന്ന നിലയിൽ ഇന്ത്യ

ചെന്നൈ: ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് ഉയർത്തിയ 578 പിന്തുടരുന്ന ഇന്ത്യ സ്വന്തം മണ്ണിൽ പതറുന്നു. 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. അജിങ്ക്യ രാഹനെയുടെ (1) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒടുവില്‍ നഷ്ടമായത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് രാഹനെ പുറത്തായത്. 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും പുറത്തായിരുന്നു. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര – ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ നാലിന് 154 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 53 റണ്‍സോടെ പൂജാരയും 54 റണ്‍സോടെ പന്തും ക്രീസിലുണ്ട്. ഇരുവരും 81 റൺസ് കൂട്ടി.

നേരത്തെ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ചുറിയുടെ (218) കരുത്തില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 578 റണ്‍സെടുത്തിരുന്നു. എട്ടുവിക്കറ്റിന് 555 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 23 റണ്‍സ് കൂടിയേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഡെമിനിക് ബെസ്സ് (34), ജെയിംസ് ആന്‍ഡേഴ്സണ്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത്.

Top