മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിന് 399 റണ്‍സിന്റെ വിജയലക്ഷ്യം

മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിന് 399 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചു. വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 389 റണ്‍സുകൂടി വേണം.

കാംബെല്ലിന്റെയും (0) നൈറ്റ് വാച്ച്മാന്‍ കിമാര്‍ റോച്ചിന്റെയും (4) വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. രണ്ടുപേരെയും സ്റ്റുവര്‍ട്ട് ബ്രോഡാണ് പുറത്താക്കിയത്. ക്രയ്ഗ് ബ്രാത്ത്വെയ്റ്റിനൊപ്പം (2) ഷായ് ഹോപ്പാണ് (4) ക്രീസില്‍. 172 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് നേടി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിനുവേണ്ടി റോറി ബേണ്‍സ് (90),ഡോം സിബ്ലി (56),ജോ റൂട്ട് (68) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

നേരത്തെ ഇംഗ്ലണ്ടിന്റെ 369 റണ്‍സ് ഒന്നാം ഇന്നിങ്സ് പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 197 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങ്ങാണ് സന്ദര്‍ശകരെ തകര്‍ത്തത്.ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും ജോഫ്ര ആര്‍ച്ചര്‍,ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് (46) വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

Top