പൂനെ: പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്‍റെ വിജയലക്ഷ്യം 39 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് അനായാസം മറികടന്നു. സെഞ്ചുറിയുമായി പട നയിച്ച ജോണി ബെയര്‍സ്റ്റോയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയെ വിറപ്പിച്ചശേഷം സെഞ്ചുറിക്ക് ഒരു റണ്‍സകലെ വീണ ബെന്‍ സ്റ്റോക്സും തുടക്കം ഗംഭീരമാക്കിയ ജേസണ്‍ റോയിയും ചേര്‍ന്നാണ് ഇംഗ്ലണ്ടിന് അവിസ്മരണീയ ജയമൊരുക്കിയത്.
ജയത്തോടെ മൂന്ന് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഒപ്പമെത്തി.ജോണി ബെയർസ്റ്റോയെയും ജോസ് ബട്‌ലറെയും ഒരു ഓവറിൽ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നൽകി. 112 പന്തിൽ 124 റൺസ് നേടിയ ബെയർസ്റ്റോയെ കോലി പിടികൂടിയപ്പോൾ ബട്‌ലർ (0) ക്ലീൻ ബൗൾഡായി.
44ആം ഓവറിൽ 39 പന്തുകളും 6 വിക്കറ്റും ബാക്കി നിൽക്കെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ലിയാം ലിവിങ്സ്റ്റൺ (27), ഡേവിഡ് മലാൻ (16) എന്നിവർ പുറത്താവാതെ നിന്നു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 49 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.