പാകിസ്ഥാനെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം

ലണ്ടന്‍: പാകിസ്ഥാനെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. മൂന്നാം ട്വന്റി 20യില്‍ പാകിസ്ഥാനെ മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ആദില്‍ റഷീദും വെടിക്കെട്ട് തുടക്കം നല്‍കിയ ജേസണ്‍ റോയിയുമാണ് (36 പന്തില്‍ 64) ഇംഗ്ലണ്ടിന്റെ വിജയശില്‍പികള്‍. ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണ്‍ മാന്‍ ഓഫ് ദ സീരീസായി. ആദ്യ മത്സരം തോറ്റശേഷമാണ് തുടരെ രണ്ട് കളികളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര നേടിയത്.

ജേസണ്‍ റോയിക്ക് പുറമെ ഡേവിഡ് മലാന്‍ (33 പന്തില്‍ 31), ഓയിന്‍ മോര്‍ഗന്‍ (12 പന്തില്‍ 21), ജോസ് ബട്ലര്‍ (22 പന്തില്‍ 21) എന്നിവരും നിര്‍ണായക സംഭാവന. ഒരുഘട്ടത്തില്‍ ഇംഗ്ലണ്ട് അനായാസ വിജയം പ്രതീക്ഷിച്ചിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 67 റണ്‍സ് ബട്ലര്‍- റോയ് സഖ്യം കൂട്ടിച്ചേര്‍ത്തു. 11 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനും ഇംഗ്ലണ്ടിനായി.

എന്നാല്‍ മധ്യനിര താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ജോണി ബെയര്‍സ്റ്റോ (5), മൊയീന്‍ അലി (1), ലിയാം ലിവിംഗ്സ്റ്റണ്‍ (6) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. അവസാന ഓവറില്‍ ക്രിസ് ജോര്‍ദാന്‍ (4) വിജയത്തിലേക്ക് നയിച്ചു. ഡേവിഡ് വില്ലി (0) പുറത്താവാതെ നിന്നു. മുഹമ്മദ് ഹഫീസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ പാകിസ്ഥാന്‍ നിരയില്‍ മുഹമ്മദ് റിസ്വാന്‍ (പുറത്താവാതെ 76) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഫഖര്‍ സമാന്‍ (24) നിര്‍മായക സംഭാവന നല്‍കി. ബാബര്‍ അസം (11), സൊഹൈബ് മക്സൂദ് (13), ഹഫീസ് (1), ഷദാബ് ഖാന്‍ (2), ഇമാദ് വസിം (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാസന്‍ അലി 15 റണ്‍സുമായി പുറത്താവാതെ നിന്നു.

 

Top