ലണ്ടന്‍: ആഷസ് പരമ്പര സമനിലയില്‍. ഓവലില്‍ നടന്ന അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 49 റണ്‍സിന് ജയിച്ചതോടെ പരമ്പര 2-2 സമനിലയില്‍ അവസാനിച്ചു. പരമ്പര സമനിലയായെങ്കില്‍ ആഷസ് കിരീടം ഓസീസ് നിലനിര്‍ത്തി. 384 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസിനുണ്ടായിരുന്നത്. എന്നാല്‍ 334 റണ്‍സിന് പാറ്റ് കമ്മിന്‍സ് സംഘവും പുറത്തായി. സ്‌കോര്‍: ഇംഗ്ലണ്ട് 283, 395 & ഓസ്‌ട്രേലിയ 295, 334. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാലും മൊയീന്‍ മൂന്നും വിക്കറ്റെടുത്തു.
നാലാം ദിവസം മഴ കാരണം നേരത്തെ കളി നിര്‍ത്തിയപ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമാവാതെ 135 റണ്‍സ് നേടിയിരുന്നു. എന്നാല്‍ അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ഡേവിഡ് വാര്‍ണര്‍ (60), ഉസ്മാന്‍ ഖവാജ (72), മര്‍നസ് ലബുഷെയ്ന്‍ (13) എന്നിവരാണ് മടങ്ങിയത്. പിന്നീട് മഴയെത്തി. സ്റ്റീവന്‍ സ്മിത്ത് (54) – ട്രാവിസ് ഹെഡ് (43) ഓസീസിന് അനായാസം വിജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. ഹെഡ് സ്ലിപ്പില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി. വൈകാതെ സ്മിത്തിനെ ക്രിസ് വോക്‌സും മടക്കി. മിച്ചല്‍ മാര്‍ഷ് (6), മിച്ചല്‍ സ്റ്റാര്‍ക്ക് (0), പാറ്റ് കമ്മിന്‍സ് (9) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല.
അലക്‌സ് ക്യാരി (28) വാലറ്റക്കാരനായ ടോഡ് മര്‍ഫിയുമൊത്ത് (18) ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബ്രോഡ് വിക്കറ്റുമായെത്തി. മര്‍ഫിയെ ബ്രോഡ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈകളിലെതിച്ചു. ക്യാരിയേയും ബ്രോഡ് മടക്കി. ജോഷ് ഹേസല്‍വുഡ് (4) പുറത്താവാതെ നിന്നു. രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ത്തടിച്ച് ഓസീസിന് മുന്നില്‍ 384 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ട് വച്ചത്. സാക്ക് ക്രൗലി (76 പന്തില്‍ 73), ബെന്‍ ഡക്കെറ്റ് (55 പന്തില്‍ 42), ബെന്‍ സ്റ്റോക്‌സ് (67 പന്തില്‍ 42), ജോ റൂട്ട്(106 പന്തില്‍ 91), ജോണി ബെയ്ര്സ്റ്റോ(103 പന്തില്‍ 78), മൊയീന്‍ അലി(38 പന്തില്‍ 29) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 81.5 ഓവറില്‍ 395 റണ്‍സ് നേടി. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ബൗളിംഗ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ് എട്ട് പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു.
ഹാരി ബ്രൂക്ക്(7), ക്രിസ് വോക്‌സ്(1), മാര്‍ക്ക് വുഡ്(9), ജിമ്മി ആന്‍ഡേഴ്‌സണ്‍(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ബാസ്ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്റെ റണ്‍മല കയറ്റം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വീതവും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിയായി ഓസീസ് 103.1 ഓവറില്‍ 295 റണ്‍സുമായി 12 റണ്‍സിന്റെ ലീഡ് നേടുകയായിരുന്നു. 71 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 47 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും പൊരുതിയപ്പോള്‍ വാലറ്റത്ത് നായകന്‍ പാറ്റ് കമ്മിന്‍സ്(36), ടോഡ് മര്‍ഫി(34) എന്നിവരുടെ പ്രയത്നമാണ് ഓസീസിന് ലീഡൊരുക്കിയത്.