ത്രിരാഷ്ട്ര ടി-20 പരമ്പരയില്‍ ന്യൂസിലാന്റിനെ തകര്‍ത്ത് ഇംഗ്ലണ്ടിന്റെ വനിതകള്‍ കിരീടം ചൂടി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാണ്ടിനു എന്നാല്‍ ഇന്നിംഗ്‌സ് വിചാരിച്ച രീതിയില്‍ പടുത്തുയര്‍ത്താനായില്ല. മികച്ച തുടക്കത്തിനു ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണപ്പോള്‍ ന്യൂസിലാന്റ് ഇന്നിംഗ്‌സിനു ഗതി നഷ്ടപ്പെടുകയായിരുന്നു.
മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇംഗ്ലണ്ട് വനിതകള്‍ നേടിയത്. ഒന്നാം വിക്കറ്റില്‍ 5.3 ഓവറില്‍ 55 റണ്‍സാണ് സോഫി ഡിവൈന്‍സൂസി ബെയ്റ്റ്‌സ് കൂട്ടുകെട്ട് നേടിയത്. 18 പന്തില്‍ 31 റണ്‍സ് നേടി സോഫി പുറത്തായി ഏതാനും ഓവറുകള്‍ക്ക് ശേഷം 31 റണ്‍സ് നേടിയ സൂസി ബെയ്റ്റ്‌സും പുറത്തായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ടിന് 137 റണ്‍സ് മാത്രമേ നേടാനായുള്ളു.
രണ്ട് വീതം വിക്കറ്റുമായി ഡാനിയേല്‍ ഹാസല്‍, സോഫി എക്‌സല്‍സ്റ്റോണ്‍, കാത്തറിന്‍ ബ്രണ്ട് എന്നിവര്‍ക്കൊപ്പം അന്യ ഷ്രുബ്‌സോള്‍ കാറ്റി ജോര്‍ജ്ജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇംഗ്ലണ്ടിനു വേണ്ടി ഡാനിയേല്‍ വയട്ട് അര്‍ദ്ധ ശതകം നേടിയപ്പോള്‍ താമി ബ്യൂമോണ്ട് 35 റണ്‍സ് നേടി പുറത്തായി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്. എന്നാല്‍ 102/1 എന്ന നിലയില്‍ നിന്ന് 102/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് നത്താലി സ്‌കിവര്‍ഹീത്തര്‍ നൈറ്റ് കൂട്ടുകെട്ടാണ്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 39 റണ്‍സാണ് നേടിയത്. ഇരുവരും പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.
ന്യൂസിലാന്റിനായി അമേലിയ കെര്‍ രണ്ടും നായിക സൂസി ബെയ്റ്റ്‌സ് ഒരു വിക്കറ്റും നേടി. വെറും 17.1 ഓവറിലാണ് ഇംഗ്ലണ്ട് ജയം നേടി കിരീടം ഉറപ്പിച്ചത്. പരമ്പരയിലെ മൂന്ന് ടീമുകളും നാല് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ മൂന്ന് ജയം സ്വന്തമാക്കി ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ മുന്നില്‍ വരികയായിരുന്നു.