തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.കെ.ജി മുതൽ പ്ലസ് ടുവരെയുള്ള സർക്കാർ സ്‌കൂളുകൾ ഇംഗ്ലീഷ് മീഡിയമാക്കണമെന്ന് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഇലയ്യ.
പണക്കാരുടെയും ഉന്നതരുടെയും മക്കൾ പഠിക്കുന്ന സ്വകാര്യ മേഖലയിലുള്ള സ്‌കൂളുകളിൽ പഠനം ഇംഗ്ലീഷിലായിരിക്കുമ്പോൾ സാധാരണക്കാരുടെയും ദളിതരുടെയും മക്കൾ പഠിക്കുന്ന സർക്കാർ സ്‌കൂളുകളിൽ മലയാളത്തിലാണെന്നും അധികാരസ്ഥാനങ്ങളിലേക്കുയരാൻ അവർക്ക് അത് തടസമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ പകുതി വിഷയമെങ്കിലും മലയാളത്തിൽ പഠിപ്പിക്കാവൂ എന്ന് സർക്കാർ നിബന്ധന വെയ്‌ക്കേണ്ടതാണെന്നും സംവരണം ഒഴിവാക്കുന്നതിനായാണ് വ്യവസായികൾ സ്വകാര്യ സർവ്വകലാശാലകൾ തുടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലീഷ് ചാനലുകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുകയും തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന നേതാക്കൾക്ക് അധികാരത്തിലെത്താനുള്ള കുറുക്കുവഴിയായി രാജ്യസഭ മാറുകയാണ്. സംസ്ഥാനത്ത് പട്ടികജാതിക്കാർ നേരിടുന്ന ഭൂമി പ്രശ്‌നവും പാർപ്പിട പ്രശ്‌നവും പരിഹരിക്കാൻ സർക്കാർ നടപടികളെടുക്കണം അദ്ദേഹം കൂട്ടിച്ചേർത്തു.