ഇംഗ്ലീഷ് പേസര്‍മാര്‍ എറിഞ്ഞിട്ടു; ലീഡ്‌സില്‍ ഇന്ത്യ 78ന് പുറത്ത്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 78 റണ്‍സിന് പുറത്തായി. 105 പന്തില്‍ 19 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (18)യാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്‌സ്മാന്‍. 16 റണ്‍സ് എക്‌സ്ട്രായിനത്തില്‍ കിട്ടിയതാണ്. മൂന്ന് വിക്കറ്റ് വീതം നേടി മുന്‍നിര തകര്‍ത്ത ജെയിംസ് ആന്‍ഡേഴ്‌സണാണ് കാര്യങ്ങള്‍ ഇംഗ്ലണ്ടിന് എളുപ്പമാക്കിയത്. ക്രെയ്ഗ് ഓവര്‍ടണിനും മൂന്ന് വിക്കറ്റുണ്ട്. ഒല്ലി റോബിന്‍സ്, സാം കറന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

കളിയാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (0) ആന്‍ഡേഴ്‌സന്‍ മടക്കി. അഞ്ച് ഓവര്‍ തികയും മുമ്പ് ചേതേശ്വര്‍ പൂജാരയും (1) പുറത്ത്. പിന്നാലെ 11ാം ഓവറില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (7) ആന്‍ഡേഴ്‌സന് മുന്നില്‍ വീണു. തുടര്‍ന്ന് 53 പന്തുകള്‍ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ (18) ഒലെ റോബിന്‍സണ്‍ മടക്കിയതോടെ ഇന്ത്യ നാലിന് 56 എന്ന നിലയിലായി.

തുടര്‍ന്നെത്തിയ ഋഷഭ് പന്തിനും പിടിച്ചുനില്‍ക്കാനായില്ല. രണ്ടു റണ്‍സെടുത്ത പന്തിനെ റോബിന്‍സണ്‍ മടക്കി. 104 പന്തുകളോളം ഇംഗ്ലീഷ് ബൗളിങ്ങിനെ പ്രതിരോധിച്ച രോഹിത് ശര്‍മ ആറാമനായാണ് പുറത്തായത്. 19 റണ്‍സെടുത്ത രോഹിത്തിനെ ക്രെയ്ഗ് ഓവര്‍ടണാണ് മടക്കിയത്. തൊട്ടടുത്ത പന്തില്‍ മുഹമ്മദ് ഷമിയേയും ഓവര്‍ടണ്‍ പുറത്താക്കി.

കാര്യമായ പ്രതിരോധമില്ലാതെ രവീന്ദ്ര ജഡേജയും (4) മടങ്ങി. താരത്തെ സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ജസ്പ്രീത് ബുംറയേയും കറന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്ന് റണ്‍സെടുത്ത സിറാജ് 41ാം ഓവറില്‍ വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

Top