ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരേ ലിവര്‍പൂളിന് വിജയം. ആഴ്സണലിനെ ഒന്നിനെതിരേ മൂന്നു ഗോളിനാണ് ലിവർപൂൾ തോൽപ്പിച്ചത്. തിങ്കളാഴ്ചയാണ് മത്സരം നടന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂൾ അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ആദ്യപകുതിയിൽ ഒന്നിനെതിരേ രണ്ട് ഗോളിന്റെ ലീഡ് നേടിയ ലിവർപൂൾ രണ്ടാം പകുതിയിൽ മൂന്നാം ഗോൾ നേടി ലീഡ് ഉയർത്തുകയായിരുന്നു. 25-ാം മിനിറ്റിൽ അലക്സാന്ദ്ര ലകാസെറ്റയിലൂടെ ആഴ്സണൽ ലീഡെടുത്തു. എന്നാൽ 28-ാം മിനിറ്റിൽ സാദിയോ മാനേയിലൂടെ ലിവർപൂൾ ഒപ്പമെത്തി. ശേഷം ആൻഡ്രു റോബേർട്സൺ 34-ാം മിനിറ്റിലും ഡിയോഗൊ ജോറ്റ 88-ാം മിനിറ്റിലും ലിവർപൂളിനായി ഗോൾ നേടി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒമ്പത് പോയിന്റുമായി ലെസ്റ്റർ സിറ്റിയാണ് ഒന്നാമത്. ലീഗിൽ നിലവിൽ പോയിന്റ് നിലയിൽ രണ്ടാമതാണ് നിലവിലെ ഇംഗ്ലീഷ് ചാമ്പ്യൻമാരായ ലിവർപൂൾ. എവർട്ടൺ മൂന്നാം സ്ഥാനത്തുമാണ്.