‘സേവാഗിനെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുക’; യുവതാരങ്ങള്‍ക്ക് മുരളീധരന്റെ ഉപദേശം

കൊച്ചി: ശ്രീലങ്കന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസമാണ് മുത്തയ്യ മുരളീധരന്‍. ടെസ്റ്റ് ക്രിക്കറ്റിലെ മുരളീധരന്റെ 800 വിക്കറ്റെന്ന റെക്കോര്‍ഡ് ആരാലും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോഴാണ് ആരാധകര്‍ക്ക് മുരളിയെ ഓര്‍മ്മ വരുന്നത്. എങ്കിലും മുരളീധരനെ പോലുള്ള ബൗളര്‍മാരെ ഭയമില്ലാതെ നേരിട്ട ബാറ്ററാണ് വിരേന്ദര്‍ സേവാഗ്. ഇതിന്റെ പിന്നിലെ കാരണം ഇപ്പോള്‍ മുത്തയ്യ മുരളീധരന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം യുവതാരങ്ങള്‍ക്ക് ഒരു ഉപദേശവും നല്‍കുന്നു- ‘സേവാഗിനെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുക’.

ഇപ്പോള്‍ പലതാരങ്ങളും സമര്‍ദ്ദം അനുഭവിക്കുന്നതായി പറയുന്നു. എന്നാല്‍ എന്താണ് സമര്‍ദ്ദത്തിന്റെ അര്‍ത്ഥമെന്ന് തനിക്കറിയില്ലായിരുന്നു. കഴിവിന്റെ പരമാവധി ശ്രമിക്കൂ. ക്രിക്കറ്റ് ആസ്വദിക്കുക. വിജയപരാജയങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതില്ല. അനാവശ്യ ചിന്തകള്‍ സന്തോഷം നശിപ്പിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

താനടക്കമുള്ള ബൗളര്‍മാരെ ഭയമില്ലാതെ സേവാഗ് നേരിടുന്നതിന്റെ കാരണം പലതവണ ആലോചിച്ചിട്ടുണ്ട്. ഒരിക്കല്‍ താന്‍ അത് സേവാഗിനോട് തന്നെ ചോദിച്ചു. സൂര്യന്‍ നാളെയും ഉദിക്കും. ഒരു മത്സരംകൊണ്ട് ക്രിക്കറ്റ് അവസാനിക്കുകയില്ല. മറ്റൊരു മത്സരത്തില്‍ എല്ലാം വ്യത്യാസപ്പെട്ടിരിക്കും. താന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നതായും സേവാഗ് തന്നോട് പറഞ്ഞെന്നും മുരളീധരന്‍ വെളിപ്പെടുത്തി.

Top