ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖ മോഷണം ആരോപിക്കുന്നത് അഴിമതി മറച്ചുവയ്ക്കാനെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിയുടെ തുടക്കവും ഒടുക്കവും പ്രധാനമന്ത്രിയിലാണ്, മോദിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു.
നരേന്ദ്രമോദിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതിലൂടെ ദസോ ഏവിയേഷന് ലാഭം ഉണ്ടായി. ഗ്യാരണ്ടി ഒഴിവാക്കാൻ ആവശ്യപ്പെട്ടത് മോദിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഔദ്യോഗിക രഹസ്യനിയമത്തിനു പിന്നില്‍ ഒളിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടതായാലും കോടതിക്ക് പരിശോധിക്കാമെന്നും കോടതി പറഞ്ഞു. രേഖകള്‍ ചോര്‍ത്തിയതിന് രണ്ട് പത്രങ്ങള്‍ക്കും ഒരു അഭിഭാഷകനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഭീഷണിയും കോടതിയലക്ഷ്യവുമാണെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.