Enough provisions in I-T Act to scrutinise political parties’ funds: Tax department

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ട് പിന്‍വലിക്കലിന് ശേഷം പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.

നിലവിലെ ആദായ നികുതി നിയമ പ്രകാരമുള്ള ഇളവുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കു എന്നും അദ്ദേഹം പറഞ്ഞു.

1961ലെ ആദായ നികുതി നിയമം 13A വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കു. നിയമത്തില്‍ പുതുതായി ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ജെയ്റ്റ്‌ലി അറിയിച്ചു.

നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവ് നല്‍കാനുള്ള ശ്രമം നടക്കുന്നവെന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

ആദായ നികുതി നിയമത്തിലെ 13ാം വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ വരവ് ചിലവ് കണക്ക് സമര്‍പ്പിക്കണം. വ്യക്തികളെ പോലെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ കൈയിലുള്ള പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ ഡിസംബര്‍ 30 നിക്ഷേപിക്കാം.

എന്നാല്‍ അത്തരത്തില്‍ നിക്ഷേപിക്കുന്ന നോട്ടുകളുടെ സ്രോതസ്സ് കാണിക്കേണ്ടി വരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ആര്‍ക്കും ഇളവുകള്‍ നല്‍കില്ല. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പുറത്ത് വന്നയുടന്‍ ബി.ജെ.പി എം.പി മാരോടും എം.എല്‍.എമാരോടും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.

മറ്റ് പാര്‍ട്ടികളും ഇത് മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കില്ലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ഇതിനെറ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആദായ നികുതി വകുപ്പും രംഗത്ത് വന്നത്. 20,000 രൂപക്ക് മുകളിലുള്ള സംഭാവനകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ രേഖകള്‍ ഹാജരാക്കണമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

Top