ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട രാജ്യത്തെ 66 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. സാമൂഹിക പ്രവര്‍ത്തകനായ നുതാന്‍ താക്കൂര്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇത് സംബന്ധിച്ച വിശദവിവരം വ്യക്തമാക്കിയത്.
രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ഐപിഎസുകാര്‍ അന്വേഷണം നേരിടുന്നതെന്നാണ് വിവരം. 13 പേരാണ് ഇവിടെ വിവിധ കേസുകളിലായി അന്വേഷണം നേരിടുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിവരാവകാശ അപേക്ഷയ്ക്കു മറുപടി നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്ന് എട്ടും ഗുജറാത്തില്‍ നിന്ന് ഏഴും പേര്‍ അന്വേഷണം നേരിടുന്നവരുടെ പട്ടികയിലുണ്ട്. ആന്ധ്രപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, മണിപ്പൂര്‍, ത്രിപുര, യുപി എന്നിവിടങ്ങളിലെല്ലാം ഐപിഎസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ നിഴലിലുണ്ട്.
അതേസമയം, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലൊന്നും ഐപിഎസ് ഓഫീസര്‍മാര്‍ക്കെതിരെ അന്വേഷണം നിലവിലില്ല.