ദളപതി വിജയ്ക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്‌ഐയും പി.വി അന്‍വര്‍ എംഎല്‍എയും രംഗത്ത്. ആദായ നികുതി ഉദ്യോഗസ്ഥര്‍ താരത്തെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം. കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അതേസമയം നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറും വിജയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. വിജയ് ചിത്രം മെര്‍സല്‍ ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ വളര്‍ച്ചക്ക് തടയിട്ടെന്നും സി ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതേസമയം വിജയ് ആരാധകരോട് സംയമനം പാലിക്കാന്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‌ക്കെതിരെയുള്ള നടപടിക്കെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാണ്.
ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് വിജയിനെ ചോദ്യം ചെയ്യുന്നത്. ബിഗില്‍ സിനിമയില്‍ പ്രതിഫലം വാങ്ങിയതിന്റെ രേഖകള്‍ ആവശ്യപ്പെട്ടതായാണ് സൂചന. ചോദ്യം ചെയ്യല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എജിഎസ് ഗ്രൂപ്പുമായി നടത്തിയ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.