ചെന്നൈ: തമിഴ് മന്നന്‍ രജനീകാന്ത് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഉടന്‍ പ്രഖ്യാപിക്കും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി ആരാധക കൂട്ടായ്മയുടെ യോഗം ചെന്നൈയില്‍ ചേര്‍ന്നിരിക്കുന്നു.
നടന്റെ ഫാന്‍സ് അസോസിയേഷന്‍ കൂടിയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ നിലവിലെ ഭാരവാഹികളെ മുന്‍നിര്‍ത്തി പാര്‍ട്ടി സംഘടനാ സംവിധാനം രൂപീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ആരാധക കൂട്ടായ്മയെ വിപുലപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടിയായി അവതരിപ്പിക്കുമെന്നും രജനി മക്കള്‍ മന്‍ട്രം വ്യക്തമാക്കി.
നിലവില്‍ 36 ജില്ലാ ഭാരവാഹികളാണുള്ളത്, ഇത് 42 ആയി ഉയര്‍ത്തും. മാത്രമല്ല ഒരു വര്‍ഷത്തോളമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വിശ്വസ്ഥന്‍ രാജു മഹാലിംഗത്തെ നിയമിക്കും. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി പ്രഖ്യാപനം കണക്കിലെടുത്ത് പ്രവര്‍ത്തനം വിപുലപ്പെടുത്തണമെന്ന് ആരാധക കൂട്ടായ്മയുടെ യോഗത്തില്‍ രജനീകാന്ത് തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തമിഴ് ജനതയെ ഏറെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടുള്ള സംഘടനയാണ് രജനി മക്കള്‍ മന്‍ട്രം. ശക്തമായ ആരാധക പിന്തുണക്കൊപ്പം പുതിയ വോട്ടര്‍മാരെ കൂടി സ്വാധീനിക്കുന്ന പ്രവര്‍ത്തനം ഫലം കണ്ടാല്‍ രാഷ്ട്രീയ നീക്കം വിജയമാകുമെന്ന് യോഗത്തില്‍ ആരാധകര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാന വ്യാപക പര്യടനം നടത്താന്‍ രജനി ഉദ്ദേശിക്കുന്നുണ്ട്.
അതേസമയം, കമല്‍ ഹാസനൊപ്പം മഴവില്‍ സഖ്യം ഉണ്ടാക്കിയേക്കുമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നെങ്കിലും അതേകുറിച്ച് പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നാണ് യോഗത്തില്‍ പറഞ്ഞത്. നിലവില്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയുമായി നേരിട്ട് സഖ്യം വേണ്ടെന്നാണ് താരത്തിന്റെ തീരുമാനം. ആത്മീയ രാഷ്ട്രീയ ആശയമാണ് താരം മുന്നോട്ട് വയ്ക്കുന്നത്.