കൊറോണ: ഏറ്റവും നല്ല മാര്‍ഗം ഹസ്തദാനമല്ല, ‘നമസ്തേ’യാണ്; സന്ദേശവുമായി അനുപം ഖേര്‍

മുംബൈ: കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രാജ്യം. വൈറസിന്റെ വ്യാപനം തടയാന്‍ നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. ഇതിനിടെ ബോളിവുഡ് നടന്‍ അനുപം ഖേറും രംഗത്തെത്തിയിരിക്കുകയാണ്. താരം ട്വിറ്ററിലൂടെ കൊറോണ വൈറസ് വ്യാപനം തടയാന്‍ സഹായകമെന്ന രീതിയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

‘കൊറോണ ബാധയുടെ സാഹചര്യത്തില്‍, അണുബാധ പടരാതിരിക്കാന്‍ കൈകള്‍ കഴുകണമെന്ന് നിരവധി പേര്‍ എന്നോട് പറയുന്നു. ഏത് സാഹചര്യത്തിലായാലും ഞാന്‍ അത് ചെയ്യും. പരസ്പരം അഭിവാദ്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം ഹസ്തദാനമല്ല, മറിച്ച് പരമ്പരാഗത ഇന്ത്യന്‍ മാര്‍ഗമായ ‘നമസ്തേ’യാണ്. ഇത് പരീക്ഷിച്ച് നോക്കൂ. ഈ രീതി ശുചിത്വമുള്ളതാണ്. സൗഹാര്‍ദ്ദപരവും നിങ്ങളുടെ ഊര്‍ജ്ജത്തെ കേന്ദ്രീകരിക്കുന്നതും ആണ്,’അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചു. #coronavirus എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം, വിവിധ മന്ത്രാലയങ്ങളുടേയും സംസ്ഥാനങ്ങളുടേയും യോഗം വിളിച്ച് കൊവിഡ് 19 പ്രതിരോധ നടപടികള്‍ വിശദമായി ചര്‍ച്ച ചെയ്‌തെന്നും രോഗ പ്രതിരോധത്തിനായി വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മികച്ച ഏകോപനത്തോടെ മുന്നോട് പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

Top