യാത്രാവിവരം മറച്ചു വച്ചു;കൊറോണ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെതിരെ കേസ്

കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. യാത്രാ വിവരം മറച്ചു വച്ചതിനും ‘അലക്ഷ്യമായി പെരുമാറി’, പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് കേസെടുത്തത്.

ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കനിക വിമാനത്താവളത്തില്‍ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്നും പരിശോധനാ സമയത്ത് വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. കനികയുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനിക ലഖ്നൗവിലെ കിങ്ങ് ജോര്‍ജ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

ഞായറാഴ്ച ലണ്ടനില്‍ നിന്നെത്തിയ കനിക പിന്നീട് ലഖ്‌നൗവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചു. നൂറോളം ആളുകള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയിലും അവര്‍ പങ്കെടുത്തു. ഇതില്‍ കനികയ്ക്കൊപ്പം ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്ത് സിംഗും അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ബോളിവുഡ് സെലിബ്രെറ്റികളും പങ്കെടുത്തിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. കനിക താമസിച്ചിരുന്ന ആഡംബര ഫ്‌ളാറ്റ് ക്വാറന്റൈന്‍ ചെയ്യാനും പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Top