ദീപാവലി ദിനത്തില്‍ തിയറ്ററിലെത്തിയ സുപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം അണ്ണാത്തെയ്ക്ക് ആവേശകരമായ വരവേല്‍പ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയറ്ററില്‍ എത്തിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെ കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ ഉണ്ടായ അടച്ചിടലിന് ശേഷം പുറത്തിറക്കുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണ്. അടുത്തിടെയാണ് തമിഴ്നാട്ടില്‍ തിയേറ്ററുകളില്‍ പൂര്‍ണമായും ആളുകളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത്.
കേരളത്തിലും വലിയ ആഘോഷമാക്കിയാണ് ആരാധകര്‍ സിനിമയെ സ്വീകരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ആയിരുന്നു അണ്ണാത്തെയുടെ കേരളത്തിലെ ആദ്യ ഷോ. പാലക്കാട്ട് നഗരത്തില്‍ ആരാധകര്‍ക്കായുള്ള ഷോ ആയിരുന്നു പുലര്‍ച്ചെ നടന്നത്. തമിഴ്നാട്ടില്‍ മാത്രം 1500 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൂടുതല്‍ വിദേശ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് അണ്ണാത്തെ. വിവിധ വിദേശ രാജ്യങ്ങളിലായി 1100 സ്‌ക്രീനില്‍ ആണ് ‘അണ്ണാത്തെ’യുടെ പ്രദര്‍ശനം നടക്കുക.
സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജനികാന്തിന് പുറമെ ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.