ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ എണ്ണമെടുക്കുന്നതിനായി സമിതി രൂപീകരിക്കുന്നതിനുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ അപേക്ഷ ലഫ്റ്റണന്റ് ഗവര്‍ണര്‍ തള്ളി.
മരിച്ചവരുടെ എണ്ണമെടുക്കുന്നതിനും കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ശ്രമമാണ് ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബയ്ജാല്‍ നിരസിച്ചത്.
മരിച്ചവരുടെ എണ്ണമെടുക്കാന്‍ സമിതി രൂപീകരിക്കാന്‍ എല്‍.ജി അനുമതി നല്‍കിയില്ല. സമിതി രൂപീകരിക്കേണ്ടതില്ലെന്നാണ് ഗവര്‍ണറില്‍ നിന്നും മറുപടി ലഭിച്ചതെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചവരുടെ കണക്ക് സമര്‍പ്പിക്കൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ലഫ്റ്റണന്റ് ഗവര്‍ണര്‍ അതിന് അനുമതി നല്‍കുന്നില്ല.
സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചില്ലെന്ന് മറുപടി എഴുതി വാങ്ങിക്കാനാണ് കേന്ദ്രം താല്‍പര്യപ്പെടുന്നത്. എന്നാല്‍ പ്രിയപ്പെട്ടവര്‍ നഷ്ടമായവരുടെ മുന്നില്‍ അത്തരമൊരു വലിയ കള്ളം പറയുന്നതെങ്ങനെയാണെന്നും സിസോദിയ ചോദിച്ചു.
ഓക്‌സിജന്‍ ക്ഷാമം മൂലം ഒരു മരണവും റിപ്പോര്‍ട്ട് ചെ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ രാജ്യസഭയില്‍ പറഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേതുടര്‍ന്നാണ് മരിച്ചവരുടെ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചത്. പഞ്ചാബും ആന്ധ്രപ്രദേശുമാണ് ഇതുവരെ ഓക്‌സിജന്‍ ക്ഷാമ മൂലമുണ്ടായ മരണത്തിന്റെ കണക്ക് സമര്‍പ്പിച്ചിട്ടുള്ളത്.