ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹിയുടെ സംഭാവന 31 ശതമാനമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ബാക്കിയുള്ള 69 ശതമാനം മലിനീകരണം ഡല്‍ഹിക്ക് പുറത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് (SAFAR) പുറത്തുവിട്ട ഡാറ്റയെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (CSE) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത പ്രവര്‍ത്തന പദ്ധതിയില്ലാതെ രാജ്യ തലസ്ഥാനത്തെ മലിനീകരണം തടയുക അസാധ്യമാണെന്ന് ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു. CSE റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ 24 നും നവംബര്‍ 8 നും ഇടയിലുള്ള വായു മലിനീകരണത്തില്‍ ഡല്‍ഹിയുടെ സംഭാവന 31 ശതമാനമാണ്. 2016 ലെ TERI റിപ്പോര്‍ട്ടില്‍ ഇത് 36 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
”നമ്മള്‍ എത്ര ശ്രമിച്ചാലും, കേന്ദ്രത്തിന്റെയും മോണിറ്ററിംഗ് ടീമിന്റെയും സംയുക്ത പ്രവര്‍ത്തന പദ്ധതിയില്ലാതെ 70 ശതമാനം മലിനീകരണത്തില്‍ നിന്ന് മുക്തി നേടാനാവില്ല. ഡല്‍ഹിയിലെ മലിനീകരണത്തില്‍ വലിയ പങ്കുവഹിക്കുന്നത് പുറത്തുനിന്നുള്ളതാണെന്ന് ഡാറ്റ സ്ഥാപിക്കുന്നു. മലിനീകരണത്തിന്റെ പേരില്‍ ഡല്‍ഹി പഴി കേള്‍ക്കുന്നു” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SAFAR പ്രകാരം, ഡല്‍ഹിയിലെ വായു ഗുണനിലവാരം തുടര്‍ച്ചയായ അഞ്ചാം ദിവസവും ”വളരെ മോശം” വിഭാഗത്തില്‍ തുടരുകയാണ്. അതേസമയം എയര്‍ ക്വാളിറ്റി സൂചിക ബുധനാഴ്ച 379 ല്‍ നിന്ന് ഇന്ന് 362 ആയി കുറഞ്ഞിട്ടുണ്ട്.