അന്തരീക്ഷ മലിനീകരണം ഇന്ത്യയിലെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തെ ദിനംപ്രതി ഇല്ലാതാക്കുകയാണ്. ഡല്‍ഹി ജീവിക്കാന്‍ പറ്റാത്ത നഗരമായി മാറിയതിന് പിന്നില്‍ മലിനീകരണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം. 2018-2019 വര്‍ഷത്തില്‍ 300 കോടി രൂപയുടെ പദ്ധതിയാണ് വിഷയം പരിഹരിക്കാന്‍ ദേശീയ പരിസ്ഥിതി മന്ത്രാലയം വകയിരുത്തിയിരിക്കുന്നത്. നാഷണല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാം എന്നാണ് പദ്ധതിയുടെ പേര്.
2024നുള്ളില്‍ വായുമലിനീകരണം 2017നേക്കാള്‍ 20 മുതല്‍ 30 ശതമാനം വരെ കുറയ്ക്കണമെന്നാണ് പദ്ധതിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. 10 എക്സ് ആക്കി വായു മലിനീകരണ തോത് കുറയ്ക്കണമെന്നാണ് ലോകാരോഗ്യ സംഘടനാ മാനദണ്ഡം. എന്നാല്‍, കേന്ദ്രം ആവിഷ്‌ക്കരിച്ചിരിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ഫലപ്രദമായില്ല.
പ്ലാനിംഗ് ഇല്ല എന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ടു തന്നെ പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെയാണ്. ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടില്ലാത്ത തട്ടിക്കൂട്ട് പദ്ധതിയാണെന്ന് ചുരുക്കം. മുന്‍സിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന മലിനീകരണ ബോര്‍ഡും സംയുക്തമായി തീരുമാനം കൈക്കൊള്ളുന്നതാണ് ഇക്കാര്യത്തില്‍ ഉചിതം. കാരണം, വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ഥ രീതിയിലാണ് മലിനീകരണം നടക്കുന്നത്.
വായു മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ ബാധിച്ച് 2017ല്‍ മാത്രം ഇന്ത്യയില്‍ 12.4 ലക്ഷം പേര്‍ മരിച്ചതായാണ് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നത്. 2017ല്‍ ഇന്ത്യയിലുണ്ടായ ആകെ മരണങ്ങളില്‍ എട്ടില്‍ ഒന്നും വായു മലിനീകരണത്തിന്റെ ഫലമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
പുകയില ഉപയോഗത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങളേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിലൂടെ ഉണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും മലിനമായ അന്തരീക്ഷം ഡല്‍ഹിയിലേതാണ്. ഉത്തര്‍പ്രദേശും ഹരിയാനയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. സൗത്ത് ഇന്ത്യയേക്കാള്‍ നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തില്‍ മുന്‍പന്തിയിലുള്ളത്.
വായു മലിനീകരണത്തിന്റെ ഫലമായി 2017ല്‍ ഉത്തര്‍പ്രദേശില്‍ 2,60,028 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 1,08,038 ഉം ബിഹാറില്‍ 96,967 ഉം പേര്‍ മരിച്ചു. 4.8 ലക്ഷം പേര്‍ വീടുകളിലെ മലിനീകരണത്തിലൂടെയും 6.7 ലക്ഷം പേര്‍ പൊതുഇടങ്ങളില്‍ നിന്നുള്ള മലിന വായു ശ്വസിച്ചതിലൂടെയുമാണ് മരിച്ചത്. ഇതേവര്‍ഷം ഇന്ത്യയിലെ 77 ശതമാനം ആളുകള്‍ക്കും മലിന വായു ശ്വസിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.
ദേശീയ മലിനീകരണ നിയന്ത്രണ വിഷയത്തില്‍ നല്ലൊരു അവസരമാണ് എന്‍സിഎ പദ്ധതി ഉണ്ടാക്കിയിരുന്നത്. എന്നാല്‍, അത് വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ല. നിലവില്‍ എന്‍സിഎപി ഡല്‍ഹിയെ ഉദാഹരണമാക്കിയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഡല്‍ഹിയ്ക്ക് ബാധകമായ തീരുമാനങ്ങളാണ് രാജ്യത്താകമാനം നടപ്പിലാക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നത്.
വിഷയത്തെ സാമാന്യവല്‍ക്കരിക്കുന്ന ഈ രീതി കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു മണ്ടന്‍ തീരുമാനമാണെന്നാണ് പൊതു വിലയിരുത്തല്‍. പ്രാദേശികമായ പ്രാധാന്യം മനസ്സിലാക്കി വേണം കാലാവസ്ഥയെയും അന്തരീക്ഷത്തെയും സംബന്ധിക്കുന്ന പദ്ധതികള്‍ വിഭാവനം ചെയ്യാന്‍.
പൊതു ആരോഗ്യത്തെ ബാധിക്കുന്നതാണ് അന്തരീക്ഷ മലിനീകരണം എന്ന പൂര്‍ണ്ണ ബോധ്യത്തില്‍ വേണം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍. എന്നാല്‍, ജനുവരി നാലാം തീയതി പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വളരെ നിസ്സംഗമായാണ് പ്രതികരിച്ചത്. വായുമലിനീകരണത്തിന്റെ തോതും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
മലിനീകരണ ബോര്‍ഡില്‍ കൂടുതല്‍ ആളുകളെ നിയമിച്ച് വിഷയത്തില്‍ നിരന്തരമായ നിരീക്ഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുക മാത്രമാണ് വ്യവസായ മലിനീകരണം പോലുള്ള വിപത്തുകളെ ചെറുക്കാനുള്ള ഉപാധി.
പരിസ്ഥിതി നിയമത്തില്‍ കര്‍ശനമായ ഭേദഗതി കൊണ്ടുവന്നും ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാം. എന്നാല്‍, എന്‍സിഎ പദ്ധതിയില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും തന്നെയില്ല. ഇപ്പോഴും മുന്നോട്ടും പിന്നോട്ടും പോയിട്ടില്ലാത്ത ഒരു പദ്ധതിയാണിത്.
രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കു മാത്രമായി പല വിഷയങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിത്. സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സമരങ്ങള്‍ക്കും ആശയങ്ങള്‍ക്കും കൂടി രാജ്യത്ത് ശബ്ദമുണ്ടാകണം.
റിപ്പോര്‍ട്ട്: എ.ടി അശ്വതി