ബെര്‍ലിന്‍: ജർമ്മൻ പാർലമെന്റ് വളപ്പിൽ പശുക്കളുമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് വിശദമാക്കിയാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്റ് ഗാര്‍ഡനിലെത്തിച്ചത്. പശുക്കളുടെ സ്വാഭാവിക അവാസ ഇടം മേച്ചില്‍ പുറങ്ങളാണെന്ന ബോര്‍ഡുകള്‍ കൊണ്ട് തീര്‍ത്താണ് പശുക്കളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ഗാര്‍ഡനില്‍ തുറന്ന് വിട്ടത്.
വര്‍ഷത്തിലെ 70 ശതമാനത്തോളം സമയവും പശുക്കളെ ഗോശാലകളില്‍ അടച്ചിടേണ്ട അവസ്ഥയാണ് ജര്‍മനിയില്‍ നിലവിലുള്ളതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധമെന്നാണ് പരിപാടിയുടെ സംഘാടക ലസി വാന്‍ അകെന്‍ പറയുന്നു. ജര്‍മന്‍ കൃഷിമന്ത്രിയുടെ ശ്രദ്ധ നേടാനാണ് അറ്റകൈ പ്രയോഗമെന്നാണ് വിശദമാക്കുന്നത്.
പരിസ്ഥിതിക്കും, ജൈവ വൈവിധ്യത്തിനും മേച്ചില്‍ പുറങ്ങള്‍ അത്യാവശ്യമാണെന്നും എന്നാല്‍ അതിനായുള്ള ചെലവ് വര്‍ധിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. നിരവധി ക്ഷീര കര്‍ഷകരാണ് പ്രതിഷേധത്തിന് ശക്തമായ പിന്തുണയുമായി എത്തിയത്.